അനുനയ നീക്കവുമായി യുഎസ്: ഖത്തർ പ്രധാനമന്ത്രി വെെറ്റ് ഹൗസിൽ

US makes conciliatory move: Qatari Prime Minister at White House
13, September, 2025
Updated on 13, September, 2025 47

US makes conciliatory move: Qatari Prime Minister at White House

വാഷിങ്ടൻ: ഖത്തറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി യുഎസ്. ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎസിന്റെ നീക്കം. യുഎസ് സന്ദർശനത്തിനെത്തിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽതാനി വൈറ്റ് ഹൗസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ ആക്രമണങ്ങളെക്കുറിച്ചും യുഎസ്-ഖത്തർ സുരക്ഷാ ക്രമീകരണത്തെക്കുറിച്ചും ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.

ഖത്തർ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അത്താഴവിരുന്ന് നൽകുമെന്നാണ് വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തുന്നത്. ചർച്ചകളിൽ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കും. ചൊവ്വാഴ്ച ഖത്തറിൽ സംഭവിച്ചതുപോലെയുള്ള ആക്രമണങ്ങൾ ഇനി ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ ഇസ്രയേൽ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

“ആക്രമണങ്ങളുടെ ഫലമായി ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ആശങ്ക, അതുപരിഹരിക്കാനുള്ള വഴി തേടുകയാണ്,” അൽ ജസീറയുടെ പ്രതിനിധി ഹാൽക്കെറ്റ് പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ചും ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെക്കുറിച്ചുമുള്ള ചർച്ചകൾ തുടരുമെന്നും ഹാൽക്കെറ്റ് പറഞ്ഞു.

ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഖത്തർ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭീരുത്വ പൂർണമായ സമീപനമാണ് ഇസ്രയേൽ നടത്തിയതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയതെന്നും ഖത്തർ പറഞ്ഞിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ഖത്തർ.




Feedback and suggestions