ഗാസയിലെ ബോംബാക്രമണം നിർത്തിവയ്ക്കാൻ തീരുമാനിച്ച് ഇസ്രയേൽ സൈന്യം


5, October, 2025
Updated on 5, October, 2025 34


ജറുസലേം: ​ഗാസയിലെ ബോംബാക്രമണം നിർത്തിവയ്ക്കാൻ തീരുമാനിച്ച് ഇസ്രയേൽ സൈന്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഇസ്രയേൽ ആക്രമണം താത്ക്കാലികമായി അവസാനിപ്പിച്ചത്. ട്രംപ് മുന്നോട്ടുവെച്ച ​ഗാസ സമാധാന പദ്ധതിയിലെ ചില വ്യവസ്ഥകൾ അം​ഗീകരിക്കാമെന്നും മറ്റുചില വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ട്രംപ് ആവശ്യപ്പെട്ടത്.


ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി അനുസരിച്ച് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ​ഗാസയുടെ ഭരണം കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തിൽ ഹമാസ് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും ട്രംപിന്റെ സമാധാന പദ്ധതിയുടെ നിലനിൽപ്പ്.


ALSO READ: വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം; മക്കൾക്ക് ​ഗുരുതര പരിക്ക്


​ഗാസയുടെ ഭരണം കൈമാറാമെന്നു സമ്മതിക്കുമ്പോഴും പലസ്തീന്റെ പരമാധികാരം നിലനിർത്തിയുള്ള ഭരണക്രമമാണ് ഹമാസ് മുന്നോട്ടുവയ്‌ക്കുന്നത്. ഗാസയിൽ ഭാവിയിലും പങ്കാളിത്തമുണ്ടാകുമെന്നും ഹമാസ് ആഗ്രഹിക്കുന്നു. സമാധാന പദ്ധതിയിലെ തർക്കവിഷയങ്ങളിൽ ചർച്ച വേണമെന്നാണ് ഹമാസിന്റെ നിർദേശം.


ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനു പിന്നാലെ ഗാസയിൽനിന്നു ഘട്ടംഘട്ടമായി ഇസ്രയേൽ സൈന്യം പിന്മാറണമെന്നാണു ട്രംപിന്റെ പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, ബന്ദികളെ കൈമാറുന്നതിനൊപ്പം ഇസ്രയേൽ സൈന്യം പൂർണമായി ഗാസ വിടണമെന്ന മുൻനിലപാട് ഹമാസ് ആവർത്തിക്കുന്നു. ഗാസയുടെ ഭരണത്തിൽ ഹമാസിനും മറ്റ് സംഘടനകൾക്കും നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും പങ്കുണ്ടാകില്ലെന്ന് അവർ അംഗീകരിക്കണമെന്നും ഗാസയിലെ ദൈനംദിന നടത്തിപ്പിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന, രാഷ്ട്രീയരഹിതമായ ഒരു താൽക്കാലിക പലസ്തീൻ സമിതിയെ ഏർപ്പെടുത്തുമെന്നും ട്രംപിന്റെ അധ്യക്ഷതയിൽ ദ് ബോർഡ് ഓഫ് പീസ് എന്ന പേരിൽ ഒരു രാജ്യാന്തര സമിതിയായിരിക്കും ഇതിന് മേൽനോട്ടം വഹിക്കുകയെന്നും വ്യവസ്ഥയിലുണ്ട്. ഈ സമിതിയിൽ യോഗ്യരായ പലസ്തീൻകാരും രാജ്യാന്തര വിദഗ്ധരും ഉൾപ്പെടും.




Feedback and suggestions