21, October, 2025
Updated on 21, October, 2025 10
![]() |
ഡൽഹി: മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ ഗോവർധൻ അസ്രാണി അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 84-ാം വയസിൽ മുംബൈയിൽവച്ചാണ് അന്ത്യം. തിങ്കളാഴ്ച വൈകുന്നേരം സാന്താക്രൂസ് ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടന്നു. സംസ്കാരത്തിന് ശേഷമാണ് മരണവാര്‍ത്ത പുറത്തുവിട്ടതെന്നാണ് വിവരം.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഏകദേശം 350-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അസ്രാണി, 1975 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഷോലെ'യിലെ ജയിലർ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധനേടി. ഹാസ്യതാരമായും, സഹനടനായും കൈയ്യടി നേടിയ അദ്ദേഹം, 'ഹം കഹാൻ ജാ രഹേ ഹെ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്.
ബാവാർച്ചി (1972), നമക് ഹറാം (1973), ചുപ്‌കെ ചുപ്‌കെ (1975), അഭിമാൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായി. അഭിനയത്തിനു പുറമേ സംവിധാനത്തിലും മികവു തെളിയിച്ച അസ്രാണി ആറു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ 'നോൺ സ്റ്റോപ്പ് ധമാൽ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയിലെത്തിയത്.
1941 ജനുവരി 1 ന് ജയ്പൂരിലാണ് അസ്രാണിയുടെ ജനനം. ജയ്പൂരിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ വോയ്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. സാഹിത്യ കലാഭായ് തക്കറിൽ നിന്ന് അഭിനയം പഠിച്ച ശേഷം 1962 ലാണ് മുംബൈയിലെത്തുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. നടി മഞ്ജു അസ്രാണിയാണ് ഭാര്യ.