8, November, 2025
Updated on 8, November, 2025 46
വത്തിക്കാന്‍ സിറ്റി: ദൈവം മനുഷ്യര്‍ക്ക് നല്‍കിയ ക്രിയാത്മകശക്തി ഉപയോഗിച്ചാണ് നിര്‍മ്മിതബുദ്ധിയുള്‍പ്പെടെയുള്ള മനുഷ്യന്റെ കണ്ടുപിടുത്തങ്ങളെന്നു ആഗോള കത്തോലിക്കാ സഭാ തലവന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ‘നിര്‍മിതബുദ്ധിയുടെ നിര്‍മാതാക്കളുടെ സമ്മേളനം 2025”-ലേക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
നിര്‍മിതബുദ്ധിയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വളര്‍ച്ചയില്‍ ധാര്‍മികതയ്ക്കും ആത്മീയതയ്ക്കും സ്ഥാനം കൊടുക്കണം.
സഭയുടെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ നിര്‍മിത ബുദ്ധി ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, അതിന് പിന്നിലുണ്ടാകേണ്ട ധാര്‍മിക-ആധ്യാത്മി കമൂല്യങ്ങളെക്കുറിച്ചും ഓര്‍മിപ്പിച്ചു. സുവിശേഷപ്രഘോഷണം, മനുഷ്യാന്തസ്, സമഗ്രവികസനം, പൊതുനന്മ തുടങ്ങിയവ സഭ പ്രധാനപ്പെട്ടവയായി കണക്കാക്കുന്ന വിഷയങ്ങളാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ മനുഷ്യരുടെ അന്തസിനും പൊതുനന്മയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി എല്ലാവരും പരിശ്രമിക്കണം.നിര്‍മിത ബുദ്ധിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതല്ല മറിച്ച്, നാം നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യകളിലൂടെ നാം ആരായിത്തീരുകയാണ് എന്നതുകൂടിയാണ് പ്രധാനം.
ദൈവം മനുഷ്യര്‍ക്ക് നല്‍കിയ ക്രിയാത്മകശക്തി ഉപയോഗിച്ചാണ് നിര്‍മ്മിതബുദ്ധിയുള്‍പ്പെടെയുള്ള മനുഷ്യന്റെ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സാങ്കേതികകണ്ടുപിടുത്തങ്ങള്‍ ഒരു തരത്തില്‍ ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിലുള്ള പങ്കാളിത്തത്തിന്റെ ശൈലിയാണ് സ്വീകരിക്കുന്നത്.എല്ലാ നിര്‍മ്മിതബുദ്ധിയുടെ നിര്‍മ്മാതാക്കളോടും, തങ്ങളുടെ പ്രവൃത്തിയുടെ അടിസ്ഥാന ഭാഗമായി ധാര്‍മ്മികമായ ഒരു വിശകലനം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു.