ദേശീയോദ്യാനങ്ങളില്‍ പ്രവേശിക്കാനുള്ള ഫീസ് നിരക്ക് കുത്തനെ ഉയര്‍ത്തി ട്രംപ് ഭരണകൂടം


26, November, 2025
Updated on 26, November, 2025 34


വാഷിംഗ്ടണ്‍: വിദേശ വിനോദ സഞ്ചാരികള്‍ക്ക് അമേരിക്കയിയെ ദേശീയോദ്യാനങ്ങളില്‍ പ്രവേശിക്കാനുള്ള ഫീസ് നിരക്ക് കുത്തനെ ഉയര്‍ത്തി ട്രംപ് ഭരണകൂടം. അമേരിക്കയില്‍ ഏറ്റവും ജനപ്രിയമായ 11 ദേശീയോദ്യാനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ പ്രവേശനത്തിനുള്ള ഫീസാണ് വന്‍തോതില്‍ ഉയര്‍ത്തിയത്. 2026 മുതല്‍ ഈ കൂടിയ ഫീസ് നല്കിയാല്‍ മാത്രമേ പ്രവേശനം സാധ്യമാകുള്ളു.


നിലവിലുളള പാര്‍ക്കുകളിലെ പ്രവേശന ഫീസിനു പുറമേ 100 അമേരിക്കന്‍ ഡോളര്‍ അധിക തുക വിദേശ വിനോദസഞ്ചാരികള്‍ നല്കണം.ഗ്രാന്‍ഡ് കാന്യണ്‍, യെല്ലോസ്റ്റോണ്‍ എന്നിവയുള്‍പ്പെടെയുള്ള യുഎസ് ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കാണ് കനത്ത അധിക ഫീശ് നല്‌കേണ്ടി വരിക. വ്യക്തിഗത പാര്‍ക്ക് ഫീസിനു പുറമേ 100 ഡോളര്‍ നല്‍കേണ്ടിവരുമെന്ന് ദേശീയോദ്യാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് അറിയിച്ചു.


ഭാവി തലമുറകള്‍ക്കായി ദേശീയോധ്യാനങ്ങളെ പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സന്ദര്‍ശകര്‍ അവരുടെ സംഭാവന നല്കുന്ന നിലയിലാണ് ഈ ഫീസ് വര്‍ധനയെന്നാണ് ഇന്റീരിയര്‍ സെക്രട്ടറി ഡഗ് ബര്‍ഗത്തിന്റെ പ്രതികരണം. അമേരിക്കക്കാര്‍ക്ക് നിലവിലുള്ള ഫീസ് ഘടന തന്നെയാവും തുടരുക.


അമേരിക്കന്‍ ടൂറിസത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് ദേശീയോദ്യാനങ്ങള്‍. നാഷണല്‍ പാര്‍ക്ക് സര്‍വീസ് അനുസരിച്ച് 2024 ല്‍ 332 ദശലക്ഷം ആളുകളാണ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചത്.




Feedback and suggestions