30, November, 2025
Updated on 30, November, 2025 31
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഒരാഴ്ചയായി തുടരുന്ന പേമാരിയെത്തുടർന്നുണ്ടായ കനത്ത മണ്ണിടിച്ചിലിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 303 ആയി. സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങളിലാണ് ദുരന്തം കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. 279 പേരെയാണ് കാണാതായിട്ടുള്ളത്. കൂടാതെ എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
മണ്ണിടിച്ചിലിൽ റോഡുകൾ പൂർണ്ണമായും തകരുകയും ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്തതോടെ ദുരിതബാധിത പ്രദേശങ്ങൾ ഒറ്റപ്പെട്ടു. നിരവധി പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്തോനേഷ്യൻ സൈനിക മേധാവി സുഹര്യാന്റോ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. മണ്ണിടിച്ചിൽ മൂലമുണ്ടായ റോഡ് തടസ്സം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.നിലവിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും സൈനിക മേധാവി അറിയിച്ചു.
വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ രണ്ടു ദിവസം മുൻപ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മഴ ശക്തമായതും ദുരന്തത്തിലേക്ക് നയിച്ചതും. നേരത്തെ വടക്കൻ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചിരുന്നു.