8, December, 2025
Updated on 8, December, 2025 20
ആഫ്രിക്കൻ ഭൂഖണ്ഡത്തെ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഏറ്റവും കൂടുതൽ അലട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളിലൊന്നാണ് തുടർച്ചയായ സൈനിക അട്ടിമറികൾ. സാമ്പത്തിക തകർച്ച, ഭീകരസംഘങ്ങളുടെ വളർച്ച, ഭരണ നേതൃത്വത്തിലുള്ള വിശ്വാസമില്ലായ്മ എന്നിവയെല്ലാം ചേർന്നുണ്ടാകുന്ന ഈ അസ്ഥിരമായ സാഹചര്യത്തിൽ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ചെറിയ രാജ്യമായ ബെനിനും ഇപ്പോൾ കുടുങ്ങിക്കിടക്കുകയാണ്.വർഷങ്ങളായി താരതമ്യേന സുസ്ഥിരമായ ജനാധിപത്യ മാതൃകയായി കണക്കാക്കപ്പെട്ടിരുന്ന ഈ രാജ്യത്ത്, പ്രസിഡന്റ് പാട്രിക് ടെലോണിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ലോകം കേട്ടത്. ഇതിനൊപ്പമാണ് ആഫ്രിക്കയിലെ ‘അട്ടിമറി തരംഗം’ വീണ്ടും ശക്തിപ്രാപിക്കുമോ എന്ന ആശങ്കയും ഉയർന്നിരിക്കുന്നത്.
ബെനിന്റെ നാഷണൽ ടെലിവിഷനിൽ വച്ച് മിലിറ്ററി കമ്മിറ്റി ഫോർ റീഫൗണ്ടേഷൻ (CMR) എന്ന പേരിൽ പ്രത്യക്ഷപ്പെട്ട സൈനിക സംഘം, ഭരണഘടന റദ്ദാക്കിയതായും രാജ്യത്തിന്റെ കര-വ്യോമാതിർത്തികൾ പൂർണമായി അടച്ചതായും പ്രഖ്യാപിച്ചു. കൊടോനൗവിലെ ഭരണസിരാകേന്ദ്രത്തിൻറെ സമീപത്തുനിന്ന് വെടിവെപ്പ് കേട്ടതായി ബെനിനിലെ ഫ്രഞ്ച് എംബസി സ്ഥിരീകരിച്ചതോടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളിലേക്കുള്ള ഉത്കണ്ഠ വർധിച്ചു. പ്രസിഡന്റിന്റെ കൊട്ടാരം സൈനികൻമാർ വളഞ്ഞിരിക്കുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
അതേസമയം, പ്രസിഡന്റ് ടെലോൺ സുരക്ഷിതനാണെന്നും അട്ടിമറിക്ക് പിന്നിൽ പട്ടാളത്തിലെ ഒരു ചെറിയ വിമതവിഭാഗമാത്രമാണെന്നും അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. ആഭ്യന്തരമന്ത്രി അലസ്സെയൻ സെയ്ദൗ പ്രസ്താവിച്ചത്”അട്ടിമറിശ്രമം പരാജയപ്പെട്ടു, സ്ഥിതിഗതികൾ നിയന്ത്രണത്തിലുള്ളതാണ്”എന്നായിരുന്നു. വിദേശകാര്യമന്ത്രി ഷെഗുൻ അബ്ജാദി ബകാരിയും “സൈന്യത്തിന്റെ ഭൂരിഭാഗവും സർക്കാരിനോട് വിശ്വസ്തരാണ്” എന്ന അഭിപ്രായം പ്രകടിപ്പിച്ചു. എങ്കിലും, രാജ്യത്ത് ഇപ്പോഴും ഒരു ഭീതിജനകമായ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.കൂടുതൽ ആശങ്കാജനകമായത്, പ്രസിഡന്റ് ടെലോൺ ഇപ്പോൾ എവിടെയാണെന്ന കാര്യം വ്യക്തമല്ലാത്തതാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും പ്രത്യേകിച്ച് തലസ്ഥാനമായ കൊടോണുവിലേക്കും സൈനിക സാന്നിധ്യം വ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് മിതമാക്കുകയും വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് ബെനിൻ നിൽക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നൈജർ, ബർക്കിനാ ഫാസോ മുതലായ രാജ്യങ്ങൾ നേരിട്ട അട്ടിമറികളുടെ തുടർച്ചയായാണ് ബെനിനിലെ ഈ പ്രതിസന്ധിയും കാണപ്പെടുന്നത്.
67 വയസ്സുള്ള പാട്രിക് ടെലോൺ കഴിഞ്ഞ ഒരു ദശാബ്ദമായി ബെനിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ നേതാവായിരുന്നു. പരുത്തി ഉത്പാദനത്തിൽ ആഫ്രിക്കയിലെ മുൻനിര രാജ്യങ്ങളിലൊന്നായ ബെനിൻ, സമ്പദ്‌വ്യവസ്ഥയിൽ ഉയർത്തിയ പുരോഗതിക്കിടെ രാഷ്ട്രീയവൈരുദ്ധ്യങ്ങളും അധികാര ഏകാഗ്രതയും ഉയർന്നുവന്നിരുന്നു. ഏപ്രിലിൽ അവസാനിക്കുന്ന ടെലോണിന്റെ കാലാവധിക്ക് മുൻപ് അട്ടിമറി നടക്കുന്നത് രാജ്യത്തെ കൂടുതൽ രാഷ്ട്രീയമായി സ്ഫോടനാത്മകമാക്കുകയാണ്.