4, January, 2026
Updated on 4, January, 2026 55
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്കൻ സൈന്യം സാഹസികമായി പിടികൂടി ന്യൂയോർക്കിലെത്തിച്ചു. ലോകരാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച ഈ നീക്കം ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നടന്നത്. വെനസ്വേലയിൽ അതിശക്തമായ ആക്രമണം നടത്തിയ ശേഷം, മഡുറോയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ സൈന്യത്തിന്റെ ഭീകരവിരുദ്ധ വിഭാഗമായ ‘ഡെൽറ്റ ഫോഴ്സ്’ ഇരുവരെയും ബന്ദിയാക്കുകയായിരുന്നു.
ന്യൂയോർക്കിലെ മാൻഹട്ടൻ ഹെലിപോർട്ടിൽ എത്തിച്ച മഡുറോയെയും ഭാര്യയെയും വൈദ്യപരിശോധനയ്ക്ക് ശേഷം ബ്രൂക്ലിൻ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. നാർക്കോ-ടെററിസം, കൊക്കെയ്ൻ കടത്ത്, അമേരിക്കയ്‌ക്കെതിരായ ഗൂഢാലോചന, മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ കടുത്ത കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ അമേരിക്കൻ ലഹരിവിരുദ്ധ സേന അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഈ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മഡുറോയുടെ പതനം ആഘോഷിക്കുമെന്ന് അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലെ പ്രഖ്യാപിച്ചപ്പോൾ, അമേരിക്കയുടേത് വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബ്രസീൽ, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങൾ കുറ്റപ്പെടുത്തി. അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസും ട്രംപിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. സൈനികരെ പ്രസിഡന്റ് അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഈ നടപടി ബുദ്ധിശൂന്യമാണെന്നും കമല ഹാരിസ് പറഞ്ഞു.
വിഷയത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെട്ടിരിക്കുകയാണ്. വെനസ്വേലയിലെ പുതിയ സാഹചര്യം വിലയിരുത്താൻ നാളെ യുഎൻ അടിയന്തര യോഗം വിളിച്ചു. മഡുറോയെ പിടികൂടിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ ‘ഇനി വെനസ്വേല അമേരിക്ക ഭരിക്കും’ എന്ന ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.