5, February, 2026
Updated on 5, February, 2026 20
ഇറാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബുധനാഴ്ച നിർണ്ണായക ഫോൺ സംഭാഷണം നടത്തി. ഇറാനിലെ നിലവിലെ സാഹചര്യങ്ങൾക്കൊപ്പം വ്യാപാരം, തായ്‌വാൻ പ്രശ്നം തുടങ്ങിയ പ്രധാന വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഏപ്രിലിൽ താൻ ബീജിംഗ് സന്ദർശിക്കാനുള്ള താല്പര്യം ട്രംപ് ഷി ജിൻപിങ്ങിനെ അറിയിച്ചു.
ഷി ജിൻപിങ്ങുമായി തനിക്ക് ശക്തമായ ബന്ധമാണുള്ളതെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പോസിറ്റീവായ ബന്ധം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം രണ്ട് നേതാക്കളും ചർച്ചയിൽ പങ്കുവെച്ചു.എന്നാൽ ട്രംപിൻ്റെ ബീജിംഗ് സന്ദർശനത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നും അതിനെ വേർപെടുത്താൻ അനുവദിക്കില്ലെന്നുമുള്ള തങ്ങളുടെ പഴയ നിലപാട് ചൈന ചർച്ചയിൽ ആവർത്തിച്ചു.ഇറാനിലെ പ്രതിഷേധങ്ങൾക്കും ആണവ പദ്ധതികൾക്കുമെതിരെ കടുത്ത നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയെ ($32 ബില്യൺ) ഈ നീക്കം നേരിട്ട് ബാധിക്കും. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്. വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച അവസാനം ഇറാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയേക്കും. അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാന ആണവ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' (New START) വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ട്രംപും ഷിയും തമ്മിലുള്ള സംഭാഷണം നടന്നത്. 50 വർഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവ ശക്തികൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഇതോടെ ഇല്ലാതാകും. പുതിയ കരാറുകളിൽ ചൈനയെയും ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് ട്രംപ്. ഇതിനിടെ ഷി ജിൻപിങ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചർച്ചകൾ നടത്തി.
ചൈനയെ ആശ്രയിക്കാതെ ആഗോള സപ്ലൈ ചെയിൻ ശക്തിപ്പെടുത്തുന്നതിനായി വാഷിംഗ്ടണിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പങ്കെടുത്തു. ട്രംപിന്റെ താരിഫ് നയങ്ങളും ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ആഹ്വാനവും പല രാജ്യങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. ഇതിനിടെ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടതും ആഗോള സാമ്പത്തിക ക്രമത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്.