വിദേശികൾക്ക് ആശ്വാസമായി ഇന്ത്യ; വിസ കാലാവധി ഒരു മാസത്തേക്ക് നീട്ടി, പിഴയും ഒഴിവാക്കി


14, March, 2026
Updated on 14, March, 2026 7


മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാതകൾ അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വിസ കാലാവധി നീട്ടിനൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിദേശ പൗരന്മാർക്ക് ഒരു മാസത്തെ വിസ കാലാവധിയാണ് സൗജന്യമായി (Gratis basis) നീട്ടിനൽകുന്നത്. കൂടാതെ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്.ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പടിഞ്ഞാറൻ ഏഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിമാനയാത്രകൾ തടസ്സപ്പെട്ടവർക്ക് ഇമിഗ്രേഷൻ വിഭാഗം ഇളവുകൾ അനുവദിക്കുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലുള്ള വിദേശികളുടെ റെഗുലർ വിസകളും ഇ-വിസകളും കാലാവധി കഴിയാറായതോ കഴിഞ്ഞതോ ആണെങ്കിൽ അവ ഒരു മാസത്തേക്ക് കൂടി നീട്ടിക്കിട്ടും.2026 ഫെബ്രുവരി 28-ന് ശേഷം വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തുടരുന്നവരിൽ നിന്ന് പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഓവർസ്റ്റേ പെനാൽറ്റി (Overstay penalty) ഈടാക്കില്ല. ഓരോ അപേക്ഷകന്റെയും സാഹചര്യം പരിശോധിച്ച് അതത് സ്ഥലങ്ങളിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുകൾ (FRRO) വഴിയാണ് വിസ കാലാവധി നീട്ടിനൽകുന്നത്. യാത്രാ തടസ്സം നേരിട്ട വിദേശികൾക്ക് രാജ്യം വിടുന്നതിനായുള്ള എക്സിറ്റ് പെർമിറ്റുകളും (Exit permits) സൗജന്യമായി നൽകും.


വ്യോമപാതകൾ സുരക്ഷിതമാകുന്ന മുറയ്ക്ക് വിദേശികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ ഈ അനുമതികൾ സഹായിക്കും. ഈ അടിയന്തര സാഹചര്യത്തിൽ വിസ നീട്ടുന്നതിനോ എക്സിറ്റ് പെർമിറ്റിനോ അപേക്ഷിക്കാൻ വൈകുന്നത് വിദേശ പൗരന്മാരുടെ ഭാഗത്തുനിന്നുള്ള കുടിയേറ്റ നിയമ ലംഘനമായി കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.


മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യയിൽ ഇറങ്ങേണ്ടി വരുന്ന വിദേശ പൗരന്മാർക്ക് ടെമ്പററി ലാൻഡിംഗ് പെർമിറ്റുകൾ (TLP) സൗജന്യമായി നൽകും. ഇറാന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെത്തുടർന്ന് മേഖലയിലെ വിമാന ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്.ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം കുടുങ്ങിക്കിടക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന അസാധാരണ സാഹചര്യം കണക്കിലെടുത്താണ് മാനുഷിക പരിഗണനയോടെയുള്ള ഈ നടപടികൾ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.ഇതിനോടകം തന്നെ നൂറുകണക്കിന് വിദേശികൾ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ എഫ്ആർആർഒ ഓഫീസുകളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. വിദേശികൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്










Feedback and suggestions