22, March, 2026
Updated on 22, March, 2026 3
ലണ്ടൻ: ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 48 മണിക്കൂർ സമയം അനുവദിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാൻ. ശത്രുക്കൾ ഒഴികെയുള്ള എല്ലാവർക്കും കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാന്റെ പ്രതിനിധി അലി മൂസവി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇറാന്റെ നയം വ്യക്തമാക്കിയത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ പാത ഇറാൻ തടഞ്ഞത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിരുന്നു.
കപ്പലുകളുടെയും അതിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാനിയൻ അധികൃതരുമായുള്ള ഏകോപനം അത്യാവശ്യമാണെന്ന് അലി മൂസവി പറഞ്ഞു. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായും മറ്റ് രാജ്യങ്ങളുമായും സഹകരിക്കാൻ തങ്ങൾ തയ്യാറാണ്. സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നാവികരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ ആക്രമിക്കുന്ന രാജ്യങ്ങളെയും ശത്രുക്കളെയും മാത്രമേ ഈ പാതയിൽ നിന്നും വിലക്കിയിട്ടുള്ളൂ എന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെങ്കിലും നിലവിലെ അധിനിവേശ സ്വഭാവമുള്ള നീക്കങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് മൂസവി ആവശ്യപ്പെട്ടു. പരസ്പര വിശ്വാസവും സുരക്ഷാ ഉറപ്പുകളും ഉണ്ടെങ്കിൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കയുടെ അന്ത്യശാസനത്തിന് പിന്നാലെ ഇറാൻ സ്വീകരിച്ച ഈ നിലപാട് മേഖലയിലെ സംഘർഷാവസ്ഥയിൽ നിർണ്ണായകമാകും.