യുദ്ധം അവസാനിക്കാറായി, പക്ഷേ പോരാട്ടം അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്


15, April, 2026
Updated on 15, April, 2026 2


ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇറാന് മേലുള്ള സൈനിക നടപടികൾ അമേരിക്ക അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നതിനിടെ ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ ഞങ്ങൾ എല്ലാം അവസാനിപ്പിച്ചു എന്ന് ഇതിനർത്ഥമില്ല. ഞാൻ ഇപ്പോൾ പിന്മാറുകയാണെങ്കിൽ ആ രാജ്യം പുനർനിർമ്മിക്കാൻ അവർക്ക് 20 വർഷമെടുക്കും. ഞങ്ങൾ ഇനിയും ബാക്കിയുണ്ട്," ട്രംപ് പറഞ്ഞു. ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ആരംഭിച്ച നാവിക ഉപരോധം ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് അമേരിക്കൻ സൈനികരും യുദ്ധക്കപ്പലുകളും ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനിയൻ തീരത്തേക്ക് നീങ്ങിയ നിരവധി കപ്പലുകളെ അമേരിക്കൻ സൈന്യം ഇതിനോടകം തിരിച്ചയച്ചു.ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും നിരവധി പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടു.ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ശക്തമായ തിരിച്ചടിയാണ് ഇറാൻ നൽകിയത്. പശ്ചിമേഷ്യയിലെ അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ട്രംപ് നേരത്തെ സമ്മതിച്ചിരുന്നു.ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടി സ്വീകരിച്ചതിനെ ട്രംപ് അഭിമുഖത്തിൽ ന്യായീകരിച്ചു. "ഞാൻ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഇറാന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടാകുമായിരുന്നു. അവരുടെ കയ്യിൽ ആണവായുധം ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ അവിടെയുള്ള എല്ലാവരെയും സർ (sir) എന്ന് വിളിക്കേണ്ടി വന്നേനെ. അത് നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യമല്ലല്ലോ," ട്രംപ് പറഞ്ഞു.അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇസ്‌ലാമാബാദിൽ വെച്ച് ഇറാനുമായി രണ്ടാം ഘട്ട ചർച്ചകൾ നടന്നേക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇറാന്റെ ആണവ മോഹങ്ങളെക്കുറിച്ചുള്ള തർക്കമാണ് ആദ്യഘട്ട ചർച്ചകൾ കരാറില്ലാതെ പിരിയാൻ കാരണമായത്.ഇരുരാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള അവിശ്വാസം നിലനിൽക്കുന്നുണ്ടെന്നും അത് ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 22-ന് വെടിനിർത്തൽ അവസാനിക്കാനിരിക്കെ, ഹോർമുസ് കടലിടുക്കിലെ തർക്കം വീണ്ടും യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം.




"








Feedback and suggestions