17, May, 2026
Updated on 17, May, 2026 6
ടെൽ അവീവ് : ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം. സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ സൈനിക പ്രതിരോധ നിർമ്മാണശാലയിലാണ് വൻ സ്ഫോടനം നടന്നത്. കൂറ്റൻ തീഗോളവും കറുത്ത പുകപടലങ്ങളും ഉയർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി വീടുകൾ വിട്ട് പുറത്തിറങ്ങി. ബെയ്ത് ഷെമേഷ് നഗരത്തിലെ സൈനിക പരീക്ഷണ കേന്ദ്രത്തിലാണ് ശക്തമായ സ്ഫോടനമുണ്ടായത്.ആശങ്ക ശക്തമായതോടെ സ്ഥിതിഗതികൾ ശാന്തമാക്കാൻ 'തോമർ' ഡിഫൻസ് ഫേം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. സ്ഫോടനം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച ഒരു പരീക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ഒരു പരീക്ഷണമായിരുന്നു ഇത്. അധികൃതരെ മുൻകൂട്ടി വിവരമറിയിച്ചിരുന്നുവെന്നും നിർമ്മാണ കമ്പനി വ്യക്തമാക്കി. ഇസ്രായേലിന്റെ പ്രശസ്തമായ 'ആരോ' വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഉൾപ്പെടെ റോക്കറ്റുകൾക്കും മിസൈലുകൾക്കുമുള്ള എഞ്ചിനുകൾ വികസിപ്പിക്കുന്നത് തോമർ കമ്പനിയാണ്. കിലോമീറ്ററുകളോളം ദൂരപരിധിയുള്ള മിസൈലുകളിലെ പ്രൊപ്പല്ലന്റുകളുമായി ബന്ധപ്പെട്ട പരീക്ഷണമാണ് നടന്നതെന്ന് ഇസ്രായേലി മാധ്യമമായ 'ചാനൽ 12' റിപ്പോർട്ട് ചെയ്തു. ഇറാന് മേൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്താൻ യു.എസ്-ഇസ്രായേൽ സഖ്യം പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ഇസ്രായേലിൽ നിന്നും ഇത്തരം ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്.