30, May, 2026
Updated on 30, May, 2026 4
ടെഹ്റാൻ : ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിന് അന്തിമ രൂപമായെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ. ട്രംപിന്റെ പ്രസ്താവനകൾ വെറും വ്യാജ വിജയപ്രഖ്യാപനവും സത്യവും അസത്യവും കലർന്നതുമാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം നീക്കുകയാണെന്നും വെടിനിർത്തൽ ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്നും പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന വ്യവസ്ഥകളോടെ ഒരു അന്തിമ ധാരണയിലും എത്തിയിട്ടില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. കടുത്ത വ്യവസ്ഥകളാണ് വെടിനിർത്തൽ കരാറിനായി ട്രംപ് മുന്നോട്ടുവച്ചിരുന്നത്. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിക്കണം, യാതൊരുവിധ നികുതിയോ നിയന്ത്രണമോ ഇല്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഇരുവശത്തേക്കും അന്താരാഷ്ട്ര കപ്പൽ ഗതാഗതം അനുവദിക്കണം, കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ പൂർണ്ണമായും നീക്കം ചെയ്യണം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സാന്നിധ്യത്തിൽ യു.എസ് നശിപ്പിക്കും എന്നീ വ്യവസ്ഥകളാണ് വെടിനിർത്തൽ കരാറിനായി ട്രംപ് മുന്നോട്ടുവച്ചത്.
ട്രംപിന്റെ കടുത്ത നിബന്ധനകൾ അടങ്ങിയ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഔദ്യോഗികമായി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളുടെ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നിലവിൽ 60 ദിവസത്തേക്ക് കൂടി താൽക്കാലിക സമാധാനം ഉറപ്പാക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായി തുടരുകയാണ്.