1, June, 2026
Updated on 1, June, 2026 33
പശ്ചിമേഷ്യയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രകോപനം സൃഷ്ടിച്ച് അമേരിക്കൻ-ഇറാൻ സൈനിക ഏറ്റുമുട്ടൽ. ഇറാന്റെ അത്യാധുനിക റഡാർ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തി. ഇറാനിലെ ഗൊരുക്കിലും ഖ്വഷം ദ്വീപിലുമുള്ള സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഈ നടപടി. തങ്ങളുടെ അത്യാധുനിക ‘എംക്യു 1 പ്രിഡേറ്റർ’ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിനെത്തുടർന്ന് സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ തിരിച്ചടിയെന്നാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കുന്നത്. എന്നാൽ, അമേരിക്കൻ ഡ്രോൺ തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതിനാലാണ് അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ച് അതിനെ തകർത്തതെന്നാണ് ഐആർജിസിയുടെ വാദം.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ ആക്രമിക്കാൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച വ്യോമതാവളത്തിന് നേരെ പ്രത്യാക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യത്തെ അമേരിക്കൻ താവളമാണ് ലക്ഷ്യം വെച്ചതെന്ന് ഇറാൻ വെളിപ്പെടുത്തിയിട്ടില്ല. ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യം സജ്ജമാണെന്ന് കുവൈത്ത് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ അവകാശവാദം പുറത്തുവന്നത്. ഇതിനിടെ വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിലും, കിര്യത്ത് ഷ്മോണ പട്ടണത്തിലും വ്യോമാക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങിയതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
അതിനിടെ, മുൻപ് അമേരിക്കയും ഇസ്രയേലും ചേർന്ന് തകർത്ത ഇറാന്റെ ഭൂഗർഭ മിസൈൽ ശൃംഖലയുടെ വലിയൊരു ഭാഗം മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇറാൻ പുനർനിർമിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കൻ-ഇസ്രയേൽ സഖ്യം തകർത്ത 69 ഭൂഗർഭ മിസൈൽ അറകളിൽ 50 എണ്ണവും ഇറാൻ ഇപ്പോൾ വീണ്ടും തുറന്നതായാണ് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടയിലുണ്ടായ ഈ പുതിയ നീക്കങ്ങൾ മേഖലയെ വീണ്ടും ഒരു വലിയ യുദ്ധഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.