ആകാശത്തെ നിശ്ചല അത്ഭുതം; ഇറാഖിനെ മുതല്‍ വെനസ്വെലയെ വരെ വിറപ്പിച്ച യുഎസ് വജ്രായുധം; ഹാരിയര്‍ യുദ്ധവിമാനങ്ങള്‍ക്ക് യാത്രാമൊഴി


5, June, 2026
Updated on 5, June, 2026 3


വാഷിങ്ടണ്‍ : യുഎസ് വ്യോമസേനയിലെ 55 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ഹാരിയര്‍ വിമാനങ്ങള്‍. പറന്നുയരാന്‍ റണ്‍വേ ആവശ്യമില്ലാത്ത ജമ്പ് ജറ്റ് വിമാനങ്ങളാണ് ചരിത്രത്തിലേക്ക് മണ്‍മറയുന്നത്.


യുഎസ് മറീന്‍ കോറിന്റെ ഭാഗമായിരുന്ന എവി 8 ബി ഹാരിയര്‍ യുദ്ധവിമാനങ്ങളാണ് ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചത്. ആകാശപ്രകടനങ്ങളില്‍ ആവേശമായിരുന്ന ഈ വിമാനങ്ങള്‍ സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തിന്റെ പേരില്‍ നിയമപോരാട്ടങ്ങളിലൂടെ കടന്നുപോയിരുന്നു. രാജ്യത്തിന്റെ അഭിമാനമായിരുന്ന ഹാരിയര്‍ വിമാനങ്ങള്‍ക്ക് ഗംഭീരയാത്രയയപ്പാണ് യുഎസ് സേന സമ്മാനിച്ചത്.ഗള്‍ഫ് യുദ്ധത്തിലും ഇറാഖ് യുദ്ധത്തിലും അഫ്ഗാനിലും യുഎസ് സൈന്യത്തിന്റെ സുപ്രധാന ആയുധമായിരുന്നു ഹാരിയര്‍. മിഡില്‍ ഈസ്റ്റില്‍ ഐഎസ്‌ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിലും മാസങ്ങള്‍ക്കുമുന്‍പ് വെനസ്വെലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് മുന്നോടിയായി കരീബിയന്‍ കടലില്‍ നടത്തിയ സൈനിക വിന്യാസത്തിലും എവി 8 ന്റെ സാന്നിധ്യമുണ്ടായിരുന്നു.പറന്നുയരുന്നതിലും ആകാശയാത്രയിലും വിസ്മയമായിരുന്നു ഹാരിയര്‍ വിമാനങ്ങള്‍. വെര്‍ട്ടിക്കല്‍ ആന്‍ഡ് ഷോര്‍ട്ട് ടേക്ക് ഓഫ് ആന്റ് ലാന്റിങ് (V/STOL) ആണ് പ്രധാന സവിശേഷത. ഒരേയൊരു ടര്‍ബോഫാന്‍ എഞ്ചിന്‍ ഉപയോഗിച്ച് നാല് നോസിലുകള്‍ ഒരേസമയം തിരിക്കുമ്പോള്‍ പുറത്തേക്കു വരുന്ന പുകയാണ് ഈ ശേഷി നല്‍കുന്നത്. ഇതുമൂലം താത്കാലിക കേന്ദ്രങ്ങളില്‍നിന്നോ കപ്പലുകളുടെ ഡെക്കില്‍നിന്നോ പറന്നുയരാന്‍ ഇവയ്ക്ക് സാധിച്ചു.ആകാശത്ത് നിശ്ചലമായി നില്‍ക്കാനും ഹാരിയറുകള്‍ക്ക് സാധിച്ചിരുന്നു. എയര്‍ഫീല്‍ഡിന്റെ ആവശ്യമില്ലാതിരുന്ന ഈ യുദ്ധവിമാനങ്ങള്‍ക്ക് അതു പറത്തുന്ന മറീന്‍ പൈലറ്റും ഇന്ധനം നിറക്കാനും ആയുധങ്ങള്‍ നിറക്കാനും ഏതാനും ക്രൂ അംഗളും മതിയായിരുന്നു.ആറ് ബോംബറുകളോ റോക്കറ്റുകളോ വഹിക്കാവുന്ന മൗണ്ടുകളും മിനിറ്റില്‍ 300 റൗണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള 25 എംഎം പീരങ്കിയുമാണ് ഹാരിയറിലുള്ളത്. 1960 കളില്‍ ബ്രിട്ടനിലെ ഹാക്കര്‍ സിഡ്‌ലി എന്ന കമ്പനിയാണ് എവി8 വിമാനം വികസിപ്പിച്ചത്. 1971 മുതലാണ് യുഎസ് മറീന്‍ കോര്‍ ഇതുപയോഗിക്കാന്‍ തുടങ്ങിയത്. 1990 കളില്‍ 23.6 മില്യണ്‍ ഡോളറായിരുന്നു വില. ഇന്നത്തെ പണപ്പെരുപ്പം കണക്കിലെടുത്താല്‍ 50 മില്യണ്‍ ഡോളറിനടുത്തുവരും ( 478 കോടി രൂപ).ഇന്ന് ഹാരിയറുകള്‍ക്കു പകരം യുഎസ് സൈന്യം ഉപയേഗിക്കുന്നത് സ്റ്റെല്‍ത്ത് വിമാനമായ എഫ് 35 ബിയാണ്. ഹാരിയറിനെപ്പോലെതന്നെ കുത്തനെ പറന്നുയരാന്‍ സാധിക്കുന്ന ഈ വിമാനങ്ങളുടെ വില 110 മില്യണ്‍ ഡോളറാണ്. ഔദ്യോഗിക സര്‍വീസില്‍ നിന്നും വിരമിച്ച ഹാരിയര്‍ വിമാനങ്ങളില്‍ അവശേഷിക്കുന്നവ മിലിറ്ററി മ്യൂസിയത്തിലേക്ക് മാറ്റും.




Feedback and suggestions