10, June, 2026
Updated on 10, June, 2026 6
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കുവൈറ്റിനും ജോർദാനും നേരെ വ്യോമാക്രമണം നടത്തി ഇറാൻ. കുവൈറ്റിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആണ് നടത്തിയത്. നേരത്തെ ബഹ്റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയുടെ ആസ്ഥാനത്തിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഗൾഫ് മേഖലയിലുടനീളം യുദ്ധകാല ജാഗ്രതാ സൈറണുകൾ മുഴങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇറാന്റെ അഞ്ച് അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമാതിർത്തിയിൽ വച്ച് വിജയകരമായി വെടിവച്ചിട്ടതായി ജോർദാൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജോർദാനിലെ സർഖാ പ്രവിശ്യയിലുള്ള തന്ത്രപ്രധാനമായ അൽ-അസ്റാഖ് മേഖലയെ ലക്ഷ്യമാക്കിയാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാനിൽ നിന്നും എത്തിയ അഞ്ച് മിസൈലുകളാണ് ജോർദാൻ എയർ ഡിഫൻസ് സിസ്റ്റം തകർത്തത്. മിസൈലുകൾ ആകാശത്തുവെച്ച് തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസമില്ലാത്ത കിഴക്കൻ മേഖലകളിൽ പതിച്ചതായും ആർക്കും പരിക്കേൽക്കുകയോ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും ജോർദാൻ സായുധ സേന വ്യക്തമാക്കി.
അമേരിക്കയുടെ ഇരുപതിലധികം വ്യോമ-നാവിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഭൂരിഭാഗം മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും യുഎസ് വ്യോമപ്രതിരോധ സംവിധാനങ്ങളും സഖ്യകക്ഷികളും ചേർന്ന് തകർത്തതായി പെന്റഗൺ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണങ്ങളിൽ ഒരൊറ്റ അമേരിക്കൻ സൈനികന് പോലും പരിക്കേറ്റിട്ടില്ലെന്നും യുഎസ് താവളങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ പശ്ചിമേഷ്യയിലെങ്ങും യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.