Donald trump talks with Saudi on Israel
14, June, 2025
Updated on 14, June, 2025 57
ഇറാന് ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ട്രംപ് ചര്‍ച്ച നടത്തി. ടെലഫോണിലൂടെയായിരുന്നു ചര്‍ച്ച. സംഘര്‍ഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്. ഇസ്രയേലിന് പിന്തുണ നല്‍കുമെന്ന് ട്രംപ് പറഞ്ഞു
ഇറാനില്‍ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണം വിജയകരം എന്നാണ് സിഎന്‍എന്നുമായി നടത്തിയ ഒരു ടെലഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. എന്തെങ്കിലും ബാക്കിയാകുന്നതിന് മുന്‍പ് ആണവ കരാറില്‍ ഒപ്പ് വെക്കാന്‍ ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി മുറുകുന്നതിനിടെ ചേര്‍ന്ന അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം, ഇസ്രയേലിനെതിരെ ഇറാന്‍ പ്രത്യാക്രമണം നടത്തി. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഇറാന്റെ മതനേതൃത്വം കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന ഇറാന്‍ പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ട പ്രത്യാക്രമണം ആരംഭിച്ചത്. ഇസ്രയേലിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ജറുസലേമിലും തെക്കന്‍ തുറമുഖ നഗരമായ എലാറ്റിലും അപായ സൈറണ്‍ മുഴങ്ങി.
ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം പ്രധാന നഗരങ്ങളില്‍ നിന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക്
മാറാന്‍ നിര്‍ദേശിച്ചു. ഇറാന്റെ പ്രത്യാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപം തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവിന് മുകളില്‍ കടുത്ത പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇറാന്‍ തൊടുത്ത മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സാധാരണക്കാര്‍ക്ക് നേരെയുള്ള പ്രകോപനത്തിന് കനത്ത മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. 320 ലധികം പേര്‍ക്ക് പരുക്കേറ്റതായും കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സാധാരണക്കാരെന്നും ഇറാന്‍ വ്യക്തമാക്കി.