10, July, 2026
Updated on 10, July, 2026 6
തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ കടുത്ത ആഞ്ഞടിച്ച് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെ നിശബ്ദയാക്കാനോ തൃണമൂൽ കോൺഗ്രസിനെ ഇല്ലാതാക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഭരണകക്ഷിക്ക് തന്നെ "കൊല്ലേണ്ടി വരും" എന്ന് മമത ബാനർജി പ്രഖ്യാപിച്ചു. പാർട്ടിയിലുണ്ടായ സമീപകാല വിമത നീക്കങ്ങളെക്കുറിച്ചും ടി.എം.സി നേതാക്കൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അവർ ഒടുവിൽ മൗനം വെടിഞ്ഞ് പ്രതികരിച്ചത്. തൃണമൂൽ കോൺഗ്രസിനെ ഭയപ്പെടുത്താൻ ബിജെപി എല്ലാ വഴികളും നോക്കിയെന്നും തന്റെ വീടിന് നേരെ പോലും ആക്രമണമുണ്ടായെന്നും അവർ ആരോപിച്ചു.
മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാൺ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ വലിയ രീതിയിലുള്ള ആക്രമണങ്ങളും അപമാനങ്ങളുമാണ് നേരിടുന്നതെന്ന് മമത ചൂണ്ടിക്കാട്ടി. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം തങ്ങൾക്ക് 60 ഓളം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുകയും, ഇരുപതോളം വിമത ജനപ്രതിനിധികൾ ത്രിപുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ.സി.പി.ഐ എന്ന പാർട്ടിയിൽ ലയിക്കുകയും ചെയ്തതോടെ തൃണമൂൽ കോൺഗ്രസ് വർഷങ്ങളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മമതയുടെ ഈ നിർണായക പ്രതികരണം.
തന്റെ പാർട്ടിയിലെ സഹപ്രവർത്തകർ കസ്റ്റഡിയിൽ ക്രൂരമായ മനുഷ്യത്വരഹിത പീഡനങ്ങൾക്കാണ് ഇരയാകുന്നതെന്ന് മമത ബാനർജി ആരോപിച്ചു. തടവറയിൽ പലർക്കും തറയിലാണ് ഉറങ്ങേണ്ടി വരുന്നത്. അരയിൽ കയർ കെട്ടിയും കാലുകളിൽ വിലങ്ങണിയിച്ചുമാണ് അവരെ കൊണ്ടുപോകുന്നത്. ചിലരുടെ തല മൊട്ടയടിക്കുകയും മറ്റ് ചിലർക്ക് നേരെ അഴുക്കുവെള്ളം തളിക്കുകയും ചെയ്യുന്നു. ഇതൊന്നും ബംഗാളിന്റെ സംസ്കാരമല്ലെന്നും തങ്ങളും 15 വർഷം അധികാരത്തിലിരുന്നിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും പോലീസിനെക്കൊണ്ട് ഇങ്ങനെയൊന്നും ചെയ്യിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു..