സൈബർ മോഷണം: 17 ഇറാൻ പൗരന്മാർക്കെതിരെ യു.എസ്. നടപടി


19, August, 2026
Updated on 19, August, 2026 7


വാഷിങ്‌ടൺ: സർവകലാശാലകൾ, സ്വകാര്യ കമ്പനികൾ, സർക്കാർ ഏജൻസികൾ എന്നിവ കേന്ദ്രീകരിച്ച് വ്യാപക സൈബർ ആക്രമണം നടത്തിയെന്ന കേസിൽ 17 ഇറാൻ പൗരന്മാർക്കെതിരെ അമേരിക്ക കേസ്സെടുത്തു. ന്യൂയോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർമാരാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 2013 മുതൽ ഇവർ ഇത്തരത്തിൽ സൈബർ നുഴഞ്ഞുകയറ്റം നടത്തിവരികയാണെന്ന് ആരോപണമുണ്ട്.

ഇറാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ഹാക്കർമാർ യു.എസിലെ 144 സർവകലാശാലകൾ, 42 സ്വകാര്യ കമ്പനികൾ, അഞ്ച് ഫെഡറൽ-സംസ്ഥാന ഏജൻസികൾ, രണ്ട് ഇതര സർക്കാർ ഇതര സംഘടനകൾ എന്നിവിടങ്ങളിൽ അനധികൃതമായി പ്രവേശനം നേടിയതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. അക്കാദമിക് വിവരങ്ങളും ബൗദ്ധിക സ്വത്തുക്കളും ഉൾപ്പെടെ 31 ടെറാബൈറ്റിലധികം ഡാറ്റയും ജീവനക്കാരുടെ ഇ-മെയിൽ അക്കൗണ്ടുകളും ഇവർ ചോർത്തിയെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.

ഇറാന്റെ 'ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സി'നു (IRGC) വേണ്ടിയാണ് ആക്രമണങ്ങളിൽ ഭൂരിഭാഗവും നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ഒൻപത് പേർക്കെതിരെ മുൻപും സമാനമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പുതിയതായി എട്ടുപേരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ വൻ സൈബർ ശൃംഖല തന്നെയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്ന നിഗമനത്തിലാണ് യു.എസ്. അധികൃതർ.

ഗവേഷണ വിവരങ്ങളും ബൗദ്ധിക സ്വത്തുക്കളും കവർന്നെടുക്കാൻ ഇറാൻ സർക്കാരിന്റെ പിന്തുണയോടെ നടന്ന വിപുലമായ ഗൂഢാലോചനയാണിതെന്ന് അധികൃതർ പറഞ്ഞു. "രാജ്യത്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിൽ സാങ്കേതിക സങ്കീർണ്ണതകളോ ഭൂമിശാസ്ത്രപരമായ അതിരുകളോ തടസ്സമാകില്ല," എന്ന് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് യു.എസ്. അറ്റോർണി ജെയ്മി മക്ഡൊണാൾഡ് പ്രതികരിച്ചു.

കുടിവെള്ള വിതരണ ശൃംഖലകൾക്കും ഭീഷണി

അതിനിടെ, രാജ്യത്തെ ജലവിതരണ സംവിധാനങ്ങൾക്ക് നേരെയുണ്ടാകുന്ന സൈബർ ഭീഷണികളെക്കുറിച്ചും ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിനസോട്ടയിലെ ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ അടുത്തിടെയുണ്ടായ സൈബർ ആക്രമണങ്ങൾക്ക് പിന്നിലും ഇറാന്റെ പങ്ക സംശയിക്കുന്നുണ്ട്. 'പ്രോഗ്രാമബിൾ ലോജിക് കൺട്രോളറുകൾ' കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന ഹാക്കർമാർ, സിസ്റ്റം പാസ്‌വേഡുകൾ മാറ്റി ഓപ്പറേറ്റർമാരെ പുറത്താക്കുന്ന രീതിയാണ് സ്വീകരിക്കുന്നതെന്ന് സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (CISA) വ്യക്തമാക്കി.




Feedback and suggestions