ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി


23, August, 2026
Updated on 23, August, 2026 7



ഭുവനേശ്വർ : ഒഡീഷയിലെ പാരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ബംഗാൾ ഉൾക്കടലിൽ പനാമ പതാകയേന്തിയ 'എംവി ഓഷ്യൻ വിന്നർ' എന്ന ചരക്കുകപ്പൽ മുങ്ങി ദാരുണമായ അപകടം. ഒഡീഷ തീരത്തുനിന്ന് 1700 ടൺ ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പുറപ്പെട്ട കപ്പലാണ് ശനിയാഴ്ച അപകടത്തിൽപ്പെട്ടത്. കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 20 പേർ ചൈനീസ് പൗരന്മാരും, മൂന്ന് പേർ മ്യാൻമർ സ്വദേശികളും, ഒരാൾ ബംഗ്ലാദേശ് പൗരനുമാണ്.


കപ്പലുമായുള്ള റേഡിയോ സന്ദേശങ്ങളും സിഗ്നലുകളും പെട്ടെന്ന് നഷ്ടമായതിനെ തുടർന്ന് അടിയന്തര വിവരമറിഞ്ഞ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും ചേർന്ന് പ്രദേശത്ത് വിപുലമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കടലിൽ നിന്ന് നിലവിൽ രണ്ടുപേരെ കോസ്റ്റ് ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി. കാണാതായ ബാക്കി 22 ജീവനക്കാർക്കായി ആൻഡമാൻ അടക്കമുള്ള കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ ബോട്ടുകളും വിമാനങ്ങളും എത്തിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 


കപ്പൽ മുങ്ങാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും കാണാതായവർക്കായി വ്യോമ-നാവിക സേനകളുടെ സംയുക്ത രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.




Feedback and suggestions