31, August, 2026
Updated on 31, August, 2026 1
ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയിലും ന്യൂജഴ്സിയിലെ ട്രെന്റണിലും ഉണ്ടായ വെടിവയ്പുകളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഷിക്കാഗോയിലെ സൗത്ത് സൈഡിലുള്ള വാഷിങ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി വൈകിയാണ് വെടിവയ്പുണ്ടായത്. വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്ന സമയത്താണ് വെടിയൊച്ച ഉയര്‍ന്നത്.
പ്രാദേശിക സമയം രാത്രി 11 ഓടെ ഹൈഡ് പാര്‍ക്ക് മേഖലയിലെ വാഷിങ്ടണ്‍ പാര്‍ക്കിലായിരുന്നു സംഭവം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ 35കാരനെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളുമുള്‍പ്പെടെ 23നും 45നും ഇടയില്‍ പ്രായമുള്ള ഒമ്പത് പേര്‍ക്കും വെടിയേറ്റതായി പൊലീസ് അറിയിച്ചു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നിലധികം അക്രമികള്‍ വെടിയുതിര്‍ത്തിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദൃക്‌സാക്ഷിയായ പാര്‍ക്കില്‍ പിക്‌നിക്കിനെത്തിയിരുന്ന ടെറി ജോണ്‍സ് വെടിയൊച്ച ആദ്യം പടക്കം പൊട്ടുന്നതാണെന്നുകരുതിയതെന്ന് പറഞ്ഞു. തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുകയും രക്ഷപ്പെടാന്‍ നിലത്ത് വീണ് മറയുകയും ചെയ്തതായി അദ്ദേഹം വിവരിച്ചു.ന്യൂജഴ്സിയിലെ ട്രെന്റണിലും സമാനമായ കൂട്ട വെടിവയ്പുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 12.25ഓടെ ഗ്രീന്‍വുഡ് ആന്‍ഡ് ഹാമില്‍ട്ടണ്‍ മേഖലയിലെ ലോക്കസ്റ്റ് സ്ട്രീറ്റിലായിരുന്നു സംഭവം. നിരവധി വെടിയൊച്ചകള്‍ കേട്ടതായി 911ല്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ട്രെന്റണ്‍ പൊലീസ് അറിയിച്ചു.പരിക്കേറ്റ ഒമ്പത് പേരെയും ക്യാപിറ്റല്‍ ഹെല്‍ത്ത് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ട്രെന്റണ്‍ സംഭവത്തിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വെടിവയ്പിന്റെ സാഹചര്യങ്ങളും കാരണവും സംബന്ധിച്ച് മെര്‍സര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ ഹോമിസൈഡ് ടാസ്‌ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.