8, September, 2026
Updated on 8, September, 2026 10
ഹൊനലുലു: ശക്തമായ കാറ്റും കനത്ത മഴയും മിന്നൽപ്രളയവും മുന്നിൽക്കണ്ട് ഹവായിയിൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലൊവൽ ചുഴലിക്കാറ്റ് കാവായ്, നിഹാവു ദ്വീപുകൾക്ക് സമീപത്തുകൂടി കടന്നുപോകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പ്രദേശവാസികളും സന്ദർശകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഭരണകൂടം അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കാറ്റഗറി രണ്ട് ചുഴലിക്കാറ്റായി ശക്തി കുറഞ്ഞ ലൊവൽ, തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള സമയത്തിനുള്ളിൽ ഹവായിയിലെ പ്രധാന ദ്വീപുകളുടെ പടിഞ്ഞാറൻ ഭാഗത്തു കൂടി നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചുഴലിക്കാറ്റിന്റെ പാത കിഴക്കോട്ട് മാറിയതോടെ കാവായ് ഉൾപ്പെടുന്ന കാവായ് കൗണ്ടിയിൽ കനത്ത മഴയ്ക്കും പ്രളയത്തിനുമുള്ള സാധ്യത വർധിച്ചിട്ടുണ്ട്. കാവായ്, നിഹാവു ദ്വീപുകളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തലസ്ഥാനമായ ഹൊനലുലു ഉൾപ്പെടുന്ന ഓഹൂവിൽ ട്രോപ്പിക്കൽ സ്റ്റോം മുന്നറിയിപ്പും നിലവിലുണ്ട്. തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച രാവിലെ വരെയാണ് അതിശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നത്.
കാവായ്, നിഹാവു, ഓഹൂ ദ്വീപുകളുടെ തെക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ അതിശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി വ്യക്തമാക്കി. കാവായ്, നിഹാവു മേഖലകളിൽ ചിലയിടങ്ങളിൽ ചുഴലിക്കാറ്റിനൊപ്പം ടൊർണാഡോയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് മാറിത്താമസിക്കാൻ (ഒഴിപ്പിക്കലിന്) സജ്ജരായിരിക്കാൻ അധികൃതർ നിർദേശം നൽകി.