ഉക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ റഷ്യൻ ഡ്രോൺ ആക്രമണം: ബോറിസ് ജോൺസണും സംഘവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


14, September, 2026
Updated on 14, September, 2026 5


മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മുതിർന്ന യൂറോപ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന റെയിൽവേ പാതയിൽ റഷ്യൻ ഡ്രോൺ ആക്രമണം. ഉക്രെയ്ൻ തലസ്ഥാനമായ കിയവിൽ നടന്ന ‘യാൽറ്റ യൂറോപ്യൻ സ്ട്രാറ്റജി’ (YES) ഉച്ചകോടിക്ക് ശേഷം മടങ്ങുകയായിരുന്ന നയതന്ത്ര പ്രതിനിധികളുടെ സംഘമാണ് വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നയതന്ത്ര സംഘത്തിന്റെ ട്രെയിൻ കടന്നുപോയതിന് തൊട്ടുപിന്നാലെ, ഉക്രെയ്ൻ-പോളണ്ട് അതിർത്തിയോട് ചേർന്നുള്ള യാഹോദിൻ (Yahodyn) സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന്റെ എഞ്ചിന് മേലാണ് റഷ്യൻ ഡ്രോൺ പതിച്ചത്.

അക്രമണത്തിന് തൊട്ടുമുമ്പ് യാത്രക്കാരെ പൂർണ്ണമായി ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തവും ആളപായവും ഒഴിവായി. റഷ്യൻ ആക്രമണ ഭീഷണിയെത്തുടർന്ന് നയതന്ത്ര പ്രതിനിധികൾ സഞ്ചരിച്ച ട്രെയിൻ സമയക്രമത്തിൽ മാറ്റം വരുത്തി നേരത്തെ സ്റ്റേഷൻ വിട്ടിരുന്നതായി ഉക്രെയ്ൻ സ്റ്റേറ്റ് റെയിൽവേ കമ്പനിയായ ‘ഉക്രസാലിസ്നിറ്റ്സിയ’ (Ukrzaliznytsia) വ്യക്തമാക്കി. ഈ റഷ്യൻ ഡ്രോണിന്റെ യഥാർത്ഥ ലക്ഷ്യം നയതന്ത്ര പ്രതിനിധികളുടെ ട്രെയിൻ തന്നെ ആകാനാണ് സാധ്യതയെന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. മുൻ സി.ഐ.എ മേധാവി ഡേവിഡ് പെട്രേവസ് ഉൾപ്പെടെയുള്ള പ്രമുഖരും ഈ സമയം ഇതേ സ്റ്റേഷനിലെ മറ്റൊരു ട്രെയിനിൽ ഉണ്ടായിരുന്നു.

പോളണ്ട് അതിർത്തിയിൽ നിന്ന് വെറും 2 കിലോമീറ്റർ മാത്രം അകലെ നടന്ന ഈ ആക്രമണത്തെ ക്രൂരവും യുക്തിരഹിതവുമെന്നാണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. ഉക്രെയ്നിലെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന ഇത്തരം ഭീകരതകളെ പ്രതിരോധിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ അടിയന്തിരമായി കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ ഈ ക്രൂരമായ ആക്രമണം യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും (NATO) വാതിലുകളിൽ വന്നു മുട്ടുന്ന റഷ്യൻ ഭീകരതയുടെ തെളിവാണെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു. സംഭവത്തെത്തുടർന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് അടിയന്തിര യോഗം വിളിച്ചു ചേർത്തു.




Feedback and suggestions