17, September, 2026
Updated on 17, September, 2026 3
ടൊറാന്റോ: കനേഡിയന്‍ ഭരണകൂടത്തെ ലക്ഷ്യമിട്ട് അധോലോക സംഘ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഘം പോലീസിന് അയച്ചതായി പറയപ്പെടുന്ന ഭീഷണിക്കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം കാനഡയിലെ അധികൃതര്‍ക്ക് അയച്ച കത്തില്‍ കാനഡയില്‍ തങ്ങള്‍ക്ക് 5,000-ത്തിലധികം സംഘാംഗങ്ങളുണ്ടെന്നും പൊലീസിനേക്കാള്‍ കൂടുതല്‍ തോക്കുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും സംഘം അവകാശപ്പെടുന്നു. അബോട്ട്‌സ്‌ഫോര്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍ ലോറന്‍സ് ഗാങ്ങ് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാനഡയിലെ ഒരു ബിഷ്‌ണോയി സംഘാംഗവുമായി ബന്ധപ്പെട്ട ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി ബോര്‍ഡ് ഹിയറിങ്ങിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെയാണ് കത്തിന്റെ പകര്‍പ്പ് ലഭിച്ചത്.
ഇനി കാനഡ ഭരിക്കുമെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നുംഅവകാശപ്പെടുന്ന തരത്തിലുള്ള ഭീഷണിയാണ് കത്തിലുള്ളത്. കാനഡയില്‍ 5,000-ത്തിലധികം സംഘാംഗങ്ങളുണ്ടെന്നും വെറും 1,000 ഡോളറിന് വെടിവയ്പ്പ് നടത്താന്‍ ഇവര്‍ക്ക് കഴിയുമെന്നും കത്തില്‍ പറയുന്നുണ്ട്.
കാനഡയില്‍ വ്യാപകമായ പിരിവ് ഭീഷണി കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവ ഇന്ത്യന്‍ പൗരന്മാരുടെ സംഘങ്ങളെ തടയാന്‍ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണങ്ങളുടെ നിരവധി രേഖകളും വീഡിയോകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ രേഖകള്‍ പ്രകാരം അമിതോസ് ബജ്വ, സാഹിബ്‌ജോത് സിങ് എന്നിവരുള്‍പ്പെടെ ഇരുപതുകളുടെ തുടക്കത്തിലുള്ള എഡ്മണ്ടന്‍ കേന്ദ്രീകരിച്ചുള്ള യുവാക്കള്‍ക്കെതിരെ വെടിവയ്പ്പ്, ഭീഷണി തുടങ്ങിയ കേസുകളില്‍ ബന്ധമുണ്ടെന്ന ആരോപണമുണ്ട്. ആല്‍ബര്‍ട്ട, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ സംഭവങ്ങളുമായി ഇവരുടെ പേരുകള്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.
കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി തയ്യാറാക്കിയ ‘ടാക്റ്റിക്കല്‍ ഗൈഡ്’ എന്ന രേഖയില്‍ 2023 മുതല്‍ 2025 അവസാനം വരെയുള്ള കാലയളവില്‍ ബിഷ്‌ണോയി സംഘത്തിന്റെ കാനഡയിലെ വളര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. 2015 മുതല്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയി ജയിലിനുള്ളില്‍നിന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കെട്ടിപ്പടുത്തതായാണ് രേഖകളില്‍ പറയുന്നത്. കാനഡയിലെ പ്രവര്‍ത്തനങ്ങളില്‍ ഗോള്‍ഡി ബ്രാറിനെ പ്രധാന സഹായിയായി ഉപയോഗിച്ചുവെന്നാണ് ആരോപണം. 2017ല്‍ കംലൂപ്‌സിലെ തോംപ്‌സണ്‍ റിവേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി ബ്രാറിന് വിദ്യാര്‍ഥി പെര്‍മിറ്റ് ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ പഠനത്തിന് എത്തിയിരുന്നോ എന്നത് വ്യക്തമല്ല. 2019ല്‍ സമര്‍പ്പിച്ച അഭയാര്‍ഥി അപേക്ഷ 2022ല്‍ ഉപേക്ഷിച്ചതായി കണക്കാക്കി.
അതേസമയം, കഴിഞ്ഞ വര്‍ഷം ഗോള്‍ഡി ബ്രാറും ലോറന്‍സ് ബിഷ്‌ണോയിയും തമ്മില്‍ പിരിഞ്ഞ് എതിരാളികളായതായി രേഖകള്‍ സൂചിപ്പിക്കുന്നു. കാനഡയിലെ ബിഷ്‌ണോയി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാണോ ബ്രാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ലെന്നും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ രേഖയില്‍ പറയുന്നു. പ്രത്യേകിച്ച് ആല്‍ബര്‍ട്ടയിലെ പിരിവ് ഭീഷണി കേസുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പേരുകളില്‍ ഗോള്‍ഡി ബ്രാറിന്റേതും ഉള്‍പ്പെടുന്നതായി സമീപകാല അന്വേഷണ വിവരങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും രേഖ വ്യക്തമാക്കുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വിവിധ കനേഡിയന്‍ ഏജന്‍സികള്‍ തുടരുകയാണ്