സത്യ നാദെല്ലയ്ക്കും ഇലോണ്‍ മസ്‌കിനും യുഎസ് ശാസ്ത്ര പുരസ്‌കാരം


8, October, 2026
Updated on 8, October, 2026 9


വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അമേരിക്കന്‍ ടെക് വ്യവസായിഉഭീമന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎസിലെ പരമോന്നത ശാസ്ത്ര-സാങ്കേതിക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, എഎംഡി മേധാവി ലിസ സു എന്നിവര്‍ക്കും നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് ലഭിക്കും.


കമ്പ്യൂട്ടര്‍ വ്യവസായി മൈക്കല്‍ ഡെല്ലിനും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്കും അവരുടെ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സമ്മാനിക്കും. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഇവരുടെ സംഭാവനകള്‍ക്ക് ട്രംപ് ഭരണകൂടം നന്ദിയുള്ളവരാണെന്നും, അമേരിക്കയുടെ നവീകരണ രംഗത്തെ ആഗോള നേതൃത്വം നിലനിര്‍ത്താന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ലിസ് ഹസ്റ്റണ്‍ പറഞ്ഞു.സ്‌പേസ് എക്‌സിന്റെയും ടെസ്ലയുടെയും മേധാവിയായ ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം ട്രംപുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നെങ്കിലും പിന്നീട് ബന്ധം മെച്ചപ്പെട്ടിരുന്നു. ചെലവ് ചുരുക്കുന്നതിനായി രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ തലവനായുള്ള മസ്‌കിന്റെ പങ്കിനെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. 2024ലെ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സംഭാവന നല്‍കിയ വ്യക്തിയും മസ്‌കായിരുന്നു. കഴിഞ്ഞ മാസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനായി ട്രംപ് സംഘടിപ്പിച്ച സ്റ്റേറ്റ് ഡിന്നറിലും മസ്‌കും ജെന്‍സന്‍ ഹുവാങ്ങും പങ്കെടുത്തിരുന്നു.കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകളിലും മസ്‌ക് ഉള്‍പ്പെടെയുള്ള ടെക് മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭീഷണികള്‍ക്കെതിരെ സ്വയം നിയന്ത്രണ നടപടികള്‍ സ്വീകരിക്കുമെന്ന് ടെക് കമ്പനികളുടെ മേധാവികള്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു. എഐ മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുകള്‍ ട്രംപ് തള്ളിക്കളഞ്ഞിട്ടുണ്ട്. തന്റെ രണ്ടാം ഭരണകാലത്ത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ‘സുവര്‍ണകാലം’ കൊണ്ടുവരുന്നതിന് എഐ നിര്‍ണായകമാണെന്നാണ് ട്രംപിന്റെ നിലപാട്.










Feedback and suggestions