ഡയപ്പര്‍ മോഷണത്തിനിടെ പോലീസിന്റെ വെടിയേറ്റ് ഒരു വയസ്സുകാരന്‍ മരിച്ച സംഭവം: പ്രതിയായ ഉദ്യോഗസ്ഥന്‍ രാജിവെച്ചു


24, October, 2026
Updated on 24, October, 2026 8


വാഷിങ്്ടണ്‍: മിസിസിപ്പിയില്‍ ഒരു വയസ്സുകാരന്‍ പോലീസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ രാജിവെച്ചു. കോഹന്‍ വൈലി എന്ന പിഞ്ചുകുഞ്ഞിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഹണ്ടര്‍ ഫോസ്റ്റര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സേവനത്തില്‍നിന്ന് പടിയിറങ്ങിയത്. ജൂണില്‍ വാള്‍മാര്‍ട്ട് പാര്‍ക്കിങ് ഏരിയയില്‍ മോഷണക്കേസ് അന്വേഷണത്തിനിടെ നടന്ന വെടിവെപ്പിലാണ് കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. സെനറ്റോബിയ മേയര്‍ ഗ്രെഗ് ഗ്രേവ്‌സ് വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥന്റെ രാജിക്കാര്യം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 21 ബുധനാഴ്ച ചേര്‍ന്ന നഗരസഭാ സമിതി രാജി അംഗീകരിച്ചതായി മേയര്‍ അറിയിച്ചു. എങ്കിലും ഉദ്യോഗസ്ഥന്‍ സ്വമേധയാ രാജിവെച്ചതാണോ, അതോ നിര്‍ബന്ധിത രാജി1യാണോ എന്ന കാര്യത്തില്‍ മേധാവികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

​കഴിഞ്ഞ ജൂണ്‍ 14-നാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. കേസിന്റെ അന്വേഷണപുരോഗതിയുടെ ഭാഗമായി, സംഭവദിവസത്തെ പോലീസ് ബോഡി ക്യാമറ ദൃശ്യങ്ങളും സി.സി.ടി.വി കാമറ ദൃശ്യങ്ങളും അന്വേഷണസംഘം വ്യാഴാഴ്ച പുറത്തുവിട്ടു. കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ വെടിയുതിര്‍ത്ത ഹണ്ടര്‍ ഫോസ്റ്ററെ സംഭവത്തെ തുടര്‍ന്ന് നേരത്തെതന്നെ ഭരണപരമായ അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.

​ന്യായവാദങ്ങളും എതിര്‍പ്പുകളും

​പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് വെടിവെയ്‌ക്കേണ്ടി വന്നതെന്നും, മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നുമാണ് ഫോസ്റ്ററിന്റെ അഭിഭാഷകന്‍ മാര്‍ട്ടിന്‍ സുമാക്ക് അസോസിയേറ്റഡ് പ്രസിനോട് അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദത്തെ കുഞ്ഞിന്റെ കുടുംബത്തിനുവേണ്ടി ഹാജരാകുന്ന പ്രമുഖ സിവില്‍ റൈറ്റ്‌സ് അഭിഭാഷകന്‍ ബെന്‍ ക്രംപ് ശക്തമായി എതിര്‍ത്തു. വാഹനം ഓടിച്ചിരുന്നയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും, വാഹനത്തിന്റെ നമ്പര്‍ ശേഖരിച്ച് പിന്നീട് അന്വേഷണം നടത്താനുള്ള സാവകാശം പോലീസിനുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഡയപ്പര്‍ മോഷ്ടിച്ചെന്ന നിസ്സാര ആരോപണത്തിന്റെ പേരില്‍ ഒരു വയസ്സുകാരന് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ബെന്‍ ക്രംപ് പ്രതികരിച്ചു.

​പോലീസ് തലപ്പത്ത് അഴിച്ചുപണി

​സംഭവത്തെത്തുടര്‍ന്ന് സെനറ്റോബിയ പോലീസ് വിഭാഗത്തില്‍ ഭരണപരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇടക്കാല മേധാവി ആഞ്ചലിക്ക മേസ് സ്ഥാനമൊഴിഞ്ഞതായി മേയര്‍ സ്ഥിരീകരിച്ചെങ്കിലും, രാജിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണവും സമയവും വ്യക്തമല്ല. മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ മേസ്, തനിക്ക് മുന്‍പുണ്ടായിരുന്ന പഴയ പദവിയിലേക്ക് മടങ്ങാനാണ് തീരുമാനമെന്ന് മേയര്‍ വ്യക്തമാക്കി. തുടര്‍ന്ന് ലാമോറിസ് ഹാംപ്ടണെ സെനറ്റോബിയയുടെ പുതിയ ഇടക്കാല പൊലീസ് മേധാവിയായി നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

​അതേസമയം, സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കടുത്ത അമര്‍ഷത്തിലാണ് കുടുംബം. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനും ഫെഡറല്‍ അന്വേഷണത്തിനായി ശ്രമം തുടരാനുമാണ് കുടുംബത്തിന്റെ തീരുമാനം.





Feedback and suggestions