പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: 'പ്രളയ്' ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ


5, November, 2026
Updated on 5, November, 2026 13



​ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച ഉപ-ബാലിസ്റ്റിക് (Quasi-ballistic) മിസൈലായ 'പ്രളയ്' വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് പ്രളയ് മിസൈലിന്റെ നിർണ്ണായകമായ പരീക്ഷണ പറക്കൽ നടന്നത്. ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥരുടെയും കര-വ്യോമസേനാ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന പരീക്ഷണം പൂർണ്ണ വിജയമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.കരയിൽ നിന്നും കരയിലേക്ക് വിക്ഷേപിക്കാവുന്ന 'പ്രളയ്' മിസൈലിന് 150 മുതൽ 500 കിലോമീറ്റർ വരെയുള്ള ദൂരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുണ്ട്. സാധാരണ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി സഞ്ചാരപഥത്തിൽ മാറ്റം വരുത്താനും ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മുന്നേറാനും ഇതിന് കഴിയും. 500 മുതൽ 1,000 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡുകൾ വഹിച്ച് ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വേഗതയിൽ (Mach 5) കുതിക്കാൻ പ്രളയിക്ക് ശേഷിയുണ്ട്. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്തും (RCI) ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ചേർന്നാണ് ഈ അത്യാധുനിക മിസൈൽ നിർമ്മിച്ചെടുത്തിരിക്കുന്നത്. പരീക്ഷണം പൂർണ്ണ വിജയമായതോടെ സൈന്യത്തിന്റെ സംയുക്ത റോക്കറ്റ് ഫോഴ്സിലേക്ക് (Integrated Rocket Force) മിസൈൽ ഉൾപ്പെടുത്തുന്നതിനുള്ള വഴിയൊരുങ്ങി. രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിൽ പ്രളയ് മിസൈൽ വലിയ പങ്ക് വഹിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.


​




​




Feedback and suggestions