സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു


11, November, 2026
Updated on 11, November, 2026 9


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി. ജോണിന്റെ നേതൃത്വത്തിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് തീരുമാനം. യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. നിരക്ക് പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കുമെന്നും 2027 ജനുവരി ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രിയും തൊഴിലാളി നേതാക്കളും അറിയിച്ചു.


2022-ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിച്ചത്. കമ്മീഷൻ പഠനം നടത്തുമ്പോൾ ട്രേഡ് യൂണിയനുകൾക്ക് നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സമർപ്പിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇ.എസ്.ഐ ആനുകൂല്യം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകി. ഇതിനുപുറമെ, ഡ്രൈവർമാർക്കായി പ്രധാന കേന്ദ്രങ്ങളിൽ വിശ്രമമുറികൾ ഒരുക്കുന്നതിന് ടൂറിസം വകുപ്പുമായും ഹോട്ടലുടമകളുമായും ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ടൂവീലർ ടാക്സികൾ അനുവദനീയമാണെങ്കിലും വെള്ള ബോർഡുകൾ വച്ച് നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ടാക്സികളെ കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




Feedback and suggestions