ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം

Trump Administration Bars Harvard University From Enrolling Foreign Students
23, May, 2025
Updated on 30, May, 2025 47

Trump Administration Bars Harvard University From Enrolling Foreign Students

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ ബാധിക്കുന്ന നടപടിയെന്ന് വിലയിരുത്തല്‍. അന്താരാഷ്ട്ര വിദ്യാര്‍ഥികളോട് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ അവരുടെ നിയമപരമായ വിദ്യാര്‍ഥി പദവി നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഹാര്‍വാര്‍ഡ് അക്രമവും ജൂത വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ യുഎസ് ഹോം ലാന്റ് സെക്യുരിറ്റി ഉന്നയിക്കുന്നു. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്.സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് ചെയ്യുന്നതെന്ന് ഭരണകൂടം അറിയിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്നും പ്രതികാര നടപടിയാണെന്നും ഹാര്‍വാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വകലാശാലയില്‍ 6800 വിദേശ വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ബിരുദ കോഴ്‌സുകളാണ് ഇവരില്‍ ഏറെയും ചെയ്യുന്നത്. സര്‍വകലാശാല വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 788 ഇന്ത്യന്‍ വിദ്യാര്‍ഥികളും യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഹാര്‍വാഡ് സര്‍വ്വകലാശാലയ്ക്കുള്ള സര്‍ക്കാര്‍ ധനസഹായം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ത്തിയിരുന്നു. കോഴ്‌സ് പ്രവേശന നടപടികളില്‍ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്സിറ്റി തടഞ്ഞതോടെയായിരുന്നു ഈ പ്രതികാര നടപടി. തന്റെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കും വരെ 200 കോടി ഡോളര്‍ സഹായം നല്‍കില്ലെന്ന് ട്രംപ് വിശദമാക്കിയത്.






Feedback and suggestions