10, February, 2026
Updated on 10, February, 2026 6
മിഷിഗണും ഒൻ്റാറിയോയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി പാലമായ ഗോർഡി ഹോ ബ്രിഡ്ജിന്റെ (Gordie Howe Bridge) പ്രവർത്തനം തടയുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പ്രസ്തുത പ്രോജക്റ്റിനെക്കുറിച്ച് കാനഡയുമായി ചർച്ചകൾ ആരംഭിക്കുമെന്നും അമേരിക്കയ്ക്ക് മതിയായ നഷ്ടപരിഹാരവും ഈ ആസ്തിയുടെ പകുതി ഉടമസ്ഥാവകാശവും ലഭിക്കുന്നത് വരെ പാലം തുറക്കാൻ അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.
തിങ്കളാഴ്ച തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ (Truth Social) പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്.പതിറ്റാണ്ടുകളായി കാനഡ അമേരിക്കയോട് വളരെ അന്യായമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്റാറിയോയ്ക്കും മിഷിഗണും ഇടയിലുള്ള പുതിയ പാലം തുറക്കാൻ അനുവദിക്കണമെങ്കിൽ വാഷിംഗ്ടണിന് പൂർണ്ണമായ നഷ്ടപരിഹാരം ലഭിക്കണം. "ഞങ്ങൾ ഉടനടി ചർച്ചകൾ ആരംഭിക്കും," ട്രംപ് എഴുതി.മിഷിഗണും കാനഡയിലെ ഒന്റാറിയോയും തമ്മിൽ പുതിയ അതിർത്തി കടക്കുന്നതിനായി നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണിത്. ആറ് വരികളുള്ള ഈ പാലം ഡിട്രോയിറ്റ് നദിക്ക് കുറുകെ മിഷിഗണിലെ ഇന്റർസ്റ്റേറ്റ് 75-നെ ഒന്റാറിയോയിലെ ഹൈവേ 401-മായി നേരിട്ട് ബന്ധിപ്പിക്കുന്നു.
2012-ൽ മിഷിഗൺ ഗവർണറായിരുന്ന റിക്ക് സ്നൈഡർ, പാലം പണിയുന്നതിനുള്ള ഭൂരിഭാഗം ചിലവും വഹിക്കാമെന്ന കാനഡയുടെ നിർദ്ദേശം സ്വീകരിക്കുകയായിരുന്നു. 2018-ൽ നിർമ്മാണം ആരംഭിച്ച ഈ പദ്ധതി ഇപ്പോൾ പൂർത്തിയാകാറായ ഘട്ടത്തിലാണ്.
കനേഡിയൻ അധികൃതർ വികസിപ്പിക്കുന്ന ഈ പാലം ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ പ്രോജക്റ്റിൽ അമേരിക്കൻ സാന്നിധ്യം തീരെയില്ലെന്നും അമേരിക്കയുടെ കൂടുതൽ പങ്കാളിത്തമില്ലാതെയാണ് നിർമ്മാണം നടന്നതെന്നും ട്രംപ് വിമർശിച്ചു.
തൻ്റെ പോസ്റ്റിൽ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും അദ്ദേഹം കടന്നാക്രമിച്ചു. ഒബാമയുടെ ഭരണകാലത്ത് 'ബൈ അമേരിക്കൻ ആക്ട്' (Buy American Act) പാലിക്കുന്നതിൽ നിന്ന് കാനഡയ്ക്ക് ഇളവ് നൽകിയതായി ട്രംപ് ആരോപിച്ചു. യുഎസ് വിപണിയുടെ വലുപ്പം കണക്കിലെടുത്ത് ഈ പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം വാഷിംഗ്ടണിന് വേണമെന്നാണ് ട്രംപിന്റെ വാദം.പാലം മാത്രമല്ല, മറ്റ് പല വ്യാപാര തർക്കങ്ങളും ട്രംപ് ഈ പോസ്റ്റിലൂടെ ഉയർത്തിക്കാട്ടി. കാനഡയുടെ ഡയറി താരിഫുകൾ (Dairy Tariffs) വർഷങ്ങളായി അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇത് അമേരിക്കൻ കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിൻഡ്‌സർ സർവകലാശാലയുടെ പഠനമനുസരിച്ച്, ഈ പാലം അതിർത്തി കടക്കാനുള്ള സമയം 20 മിനിറ്റ് കുറയ്ക്കുകയും അടുത്ത 30 വർഷത്തിനുള്ളിൽ ട്രക്ക് ഡ്രൈവർമാർക്ക് 2.3 ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയും ചെയ്യും.കൂടാതെ, കാനഡ ചൈനയുമായി പുലർത്തുന്ന സാമ്പത്തിക ബന്ധത്തെക്കുറിച്ചും ട്രംപ് മുന്നറിയിപ്പ് നൽകി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബീജിംഗുമായി അടുത്ത സഹകരണത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. "പ്രധാനമന്ത്രി കാർണി ചൈനയുമായി കരാറുണ്ടാക്കാൻ ആഗ്രഹിക്കുന്നു - ഇത് കാനഡയെ വിഴുങ്ങും," ട്രംപ് എഴുതി. ചൈനയുമായി പൂർണ്ണമായ വ്യാപാര കരാറിനാണ് കാനഡ ശ്രമിക്കുന്നതെങ്കിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. എന്നാൽ, തങ്ങൾക്ക് ചൈനയുമായി അത്തരം കരാറുകൾക്ക് ഉദ്ദേശമില്ലെന്നും അടുത്തിടെയുണ്ടായ ധാരണകൾ പരിമിതമാണെന്നും മാർക്ക് കാർണി വ്യക്തമാക്കിയിട്ടുണ്ട്.