Zelensky and allies head to White House for Ukraine talks
18, August, 2025
Updated on 18, August, 2025 77
വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെലന്‍സ്‌കിയ്ക്കൊപ്പം യൂറോപ്യന്‍ രാഷ്ട്ര നേതാക്കളും പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യു കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമെര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെ എന്നിവരണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. (Zelensky and allies head to White House for Ukraine talks)
സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. രാജ്യത്തിന് സുരക്ഷ നല്‍കാനുള്ള തീരുമാനം ചരിത്രപരമെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. ഡോണ്‍ബാസ് പ്രവിശ്യയിലെ ഡോണെസ്റ്റ്ക് വിട്ടുകൊടുത്താല്‍ മറ്റിടങ്ങളില്‍ നിന്നും പിന്മാറാമെന്നാണ് പുടിന്‍ വ്യക്തമാക്കിയിട്ടുള്ളത്.
റഷ്യ- യുക്രൈന്‍ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് സംസാരിക്കാനും മേഖലയില്‍ ശാശ്വതമായി സമാധാനം പുനസ്ഥാപിക്കാനുമായി ട്രംപ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് സെലന്‍സ്‌കിയുമായും സംസാരിക്കാനിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന പുടിന്‍- ട്രംപ് കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കിയെ ഉള്‍പ്പെടാതിരുന്ന സാഹചര്യത്തില്‍ ഇന്ന് ട്രംപ് റഷ്യയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ സെലന്‍സ്‌കിയില്‍ സമ്മര്‍ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍