Charlie Kirk’s murder: FBI releases photo of suspect
12, September, 2025
Updated on 12, September, 2025 55
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ പ്രവർത്തകനുമായ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പുറത്തുവിട്ടു. പ്രതിയെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹായം തേടുന്നതായി എഫ്ബിഐയുടെ കുറിപ്പിൽ പറയുന്നു.
ടീഷർട്ടും ജീൻസും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രമാണ് എഫ്ബിഐ പുറത്തുവിട്ടത്. ‘യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ വെടിയേറ്റ് മരിച്ച ചാർലി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ്’–എഫ്ബിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഒപ്പം നൽകിയിട്ടുണ്ട്.
കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസിൽ സാധാരണക്കാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കിർക്കിന് വെടിയേറ്റത്.