12, November, 2026
Updated on 12, November, 2026 5
ആംസ്റ്റർഡാം: സാമ്രാജ്യത്വ-വലതുപക്ഷ ഭരണകൂടങ്ങൾ നടപ്പാക്കുന്ന കർശനമായ വിസ നിയമങ്ങളും കുടിയേറ്റ വിരുദ്ധ നയങ്ങളും കാരണം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയെയും ബ്രിട്ടനെയും കൈവിടുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി ഏഷ്യയിലെയും യൂറോപ്യൻ ഭൂഖണ്ഡത്തിലെയും സർവകലാശാലകളിലേക്കാണ് വിദ്യാർത്ഥികൾ ഇപ്പോൾ കൂടുതലായി തിരിയുന്നതെന്ന് പുതിയ ആഗോള സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.സ്റ്റഡിപോർട്ടൽസ്, നാഫ്സ (NAFSA), ഓക്സ്ഫോർഡ് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് എന്നീ ഏജൻസികൾ സംയുക്തമായി 63 രാജ്യങ്ങളിലെ 437 സർവകലാശാലകളിൽ നടത്തിയ പഠനത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഈ നിർണ്ണായക മാറ്റം പുറത്തുവന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബർ-ഓഗസ്റ്റ് കാലയളവിൽ അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ബ്രിട്ടനിൽ 19 ശതമാനത്തിന്റെയും അമേരിക്കയിൽ 13 ശതമാനത്തിന്റെയും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കാനഡയിലും ഓസ്ട്രേലിയയിലും വിദേശ വിദ്യാർത്ഥികളുടെ ആവശ്യകത ഗണ്യമായി കുറഞ്ഞപ്പോൾ, ഏഷ്യൻ രാജ്യങ്ങളിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും സർവകലാശാലകളിൽ പ്രവേശനം കുത്തനെ ഉയർന്നു.വിസ ലഭിക്കുന്നതിലെ അമിതമായ കാലതാമസം, കർശനമായ സുരക്ഷാ പരിശോധനകൾ, പഠനശേഷമുള്ള തൊഴിൽ വിസ നിയമങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളെ ഈ രാജ്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദേശ വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ പരിശോധനകൾ കർശനമാക്കുകയും ആയിരക്കണക്കിന് വിസകൾ റദ്ദാക്കുകയും ചെയ്തത് വലിയ തിരിച്ചടിയായി. വരും വർഷങ്ങളിലും വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇനിയും ഇടിവുണ്ടാകുമെന്നാണ് അമേരിക്കൻ സർവകലാശാലകളിൽ മൂന്നിലൊന്നും ആശങ്കപ്പെടുന്നത്.അതേസമയം, കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർത്ഥികൾ ആശ്രിതരെ കൂടെ കൊണ്ടുവരുന്നതിന് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയതും പഠനശേഷം രാജ്യത്ത് തുടരാനുള്ള കാലാവധി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതും യുകെ സർവകലാശാലകളെ പ്രതിസന്ധിയിലാക്കി.സ്വദേശി വിദ്യാർത്ഥികളേക്കാൾ ഉയർന്ന ഫീസ് നൽകുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് അമേരിക്കയിലെയും ബ്രിട്ടനിലെയും സർവകലാശാലകളുടെ ഗവേഷണ-പഠന ചെലവുകളെയും സാമ്പത്തിക ഭദ്രതയെയും സാരമായി ബാധിക്കും. ഭരണകൂടങ്ങളുടെ നയങ്ങൾ വിദ്യാർത്ഥികളുടെ ഭാവി തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സർവേ ഫലമെന്ന് നാഫ്സ സി.ഇ.ഒ ഡോ. ഫാന്റ ഓ ചൂണ്ടിക്കാട്ടി.