Match Referee Andy Pycroft Apologises, Says Pakistan
18, September, 2025
Updated on 18, September, 2025 43
![]() |
മുഖംരക്ഷിക്കാന്‍ അവകാശവാദവുമായി പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയോടും പാക് ടീം മാനേജരോടും മാപ്പു പറഞ്ഞുവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. ഏഷ്യാ കപ്പില്‍ ബഹിഷ്കരണ ഭീഷണി പിന്‍വലിച്ച് യുഎഇക്കെതിരെ കളിക്കാന്‍ തയാറയതിന് പിന്നാലെയാണ് അവകാശവാദം.
ഹസ്തദാന വിവാദം അന്വേഷിക്കുമെന്ന് ഐസിസി ഉറപ്പു നല്‍കിയതായും പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. ഇന്ത്യക്കെതിരായ മത്സരത്തിനൊടുവില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്ന സംഭവം ആശയവിനിയമത്തിലെ പിഴവുമൂലം സംഭവിച്ചതാണെന്നും പൈക്രോഫ്റ്റ് വിശദീകരിച്ചതായി പാക് ടിവി ചാനലായ ജിയോ ന്യൂസ് അറിയിച്ചു.
എന്നാല്‍ പാകിസ്താന്‍റെ അവകാശവാദം തള്ളി ഐസിസി വൃത്തങ്ങൾ രംഗത്തെത്തി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകൾ നൽകിയാൽ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്താന്‍ തെളിവ് നൽകണമെന്നും ഐസിസി ആവശ്യപ്പെട്ടു.
അതേസമയം നാടകീയ സംഭവങ്ങൾക്കൊടുവിൽ പാകിസ്താൻ – യുഎഇ മത്സരത്തിന് തുടക്കമായി. മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ബഹിഷ്കരണ ഭീഷണി മുഴക്കിയതോടെ ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.