Next budget bill crucial: President Trump rushes to pass it
20, September, 2025
Updated on 20, September, 2025 48
![]() |
വാഷിങ്ടൺ: അടുത്ത ബജറ്റ് ബിൽ നിർണായകം. സെപ്റ്റംബർ 30-നകം ബജറ്റ് ബിൽ പാസാക്കിയില്ലെങ്കിൽ യുഎസിന് ഭരണസ്തംഭനം (Government shutdown) നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ഈ പ്രതിസന്ധി ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്പീക്കർ മൈക്ക് ജോൺസണും റിപ്പബ്ലിക്കൻ പാർട്ടിയും തീവ്രശ്രമത്തിലാണ്.
എന്നാൽ, മൂന്ന് റിപ്പബ്ലിക്കൻ പ്രതിനിധികളെങ്കിലും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനോ വിട്ടുനിൽക്കാനോ സാധ്യതയുണ്ടെന്ന് വിവരമുണ്ട്. ഡാറ്റാ ഫോർ പ്രോഗ്രസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ, ബിൽ പാസാകാത്ത പക്ഷം അതിന്റെ ഉത്തരവാദിത്തം ട്രംപിനാണെന്ന് 32 ശതമാനം പേർ അഭിപ്രായപ്പെട്ടു.
കോൺഗ്രസിലെ റിപ്പബ്ലിക്കൻമാർക്കാണ് ഉത്തരവാദിത്തമെന്ന് 27 ശതമാനവും ഡെമോക്രാറ്റുകൾക്കാണെന്ന് 34 ശതമാനവും അഭിപ്രായപ്പെട്ടു. നിർണായകമായ സ്വതന്ത്ര വോട്ടർമാരിൽ 30 ശതമാനം ട്രംപിനെയും 24 ശതമാനം റിപ്പബ്ലിക്കൻമാരെയും 30 ശതമാനം ഡെമോക്രാറ്റുകളെയും കുറ്റപ്പെടുത്തുന്നതായാണ് സർവേ ഫലം.
ഈ വിഷയത്തിൽ ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളുടെ സമീപനം സംബന്ധിച്ച സർവേയിൽ പങ്കെടുത്ത 66 ശതമാനം ഡെമോക്രാറ്റുകളും 73 ശതമാനം ഡെമോക്രാറ്റ് ചായ്‌വുള്ളവരും 47 ശതമാനം സ്വാധീനിക്കപ്പെടാവുന്ന വോട്ടർമാരും അഭിപ്രായപ്പെട്ടത് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനുമെതിരെ ശക്തമായി പോരാടുന്നില്ലെന്നാണ്. കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
30 ശതമാനം ഡെമോക്രാറ്റുകളും 24 ശതമാനം ഡെമോക്രാറ്റിക് ചായ്‌വുള്ള സ്വതന്ത്രരും 35 ശതമാനം സ്വാധീനിക്കപ്പെടാവുന്ന വോട്ടർമാരും പറയുന്നത് ഡെമോക്രാറ്റുകൾക്ക് ട്രംപിനെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചെറുക്കാൻ കഴിയുമെന്നും എന്നാൽ മൊത്തത്തിൽ നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നുമാണ്.
സെപ്റ്റംബർ അഞ്ച് മുതൽ ഏഴ് വരെ 654 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. സർവേ ഫലങ്ങളിൽ മൂന്ന് ശതമാനം വരെ വ്യത്യാസം വരാമെന്ന് സംഘാടകർ അറിയിച്ചു.
അതേസമയം, ഈ സർവേ ഫലങ്ങൾ അപ്രതീക്ഷിതമല്ലെന്ന് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയന്റിസ്റ്റ് കോസ്റ്റസ് പാങ്ഗോ പൗലോസ് പ്രതികരിച്ചു. ഷട്ട്ഡൗൺ എത്രത്തോളം വലിയ രാഷ്ട്രീയ വിഷയമാകുമെന്നത് അത് എത്രനാൾ നീണ്ടുനിൽക്കുന്നു, സർക്കാർ എന്ത് നടപടികൾ സ്വീകരിക്കുന്നു എന്നിവയെ ആശ്രയിച്ചിരിക്കും. ഇത് പ്രധാന രാഷ്ട്രീയ പാർട്ടികളെ ബാധിക്കുന്നത് സാധാരണമാണ്. സാധാരണ തൊഴിലാളികളെയും ഫെഡറൽ ജീവനക്കാരെയും ഇത് എങ്ങനെ ബാധിക്കുന്നു എന്നതും പ്രധാനമാണ്. കൂടുതൽ ഫെഡറൽ ജീവനക്കാരുള്ള മേഖലകളിൽ ഇത് വലിയ വെല്ലുവിളിയായി മാറിയേക്കാം.
ട്രംപും റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുമെങ്കിലും, നിലവിൽ ഫെഡറൽ സർക്കാരിനെ നിയന്ത്രിക്കുന്നത് റിപ്പബ്ലിക്കൻമാരായതിനാൽ ജനങ്ങൾ ഇത് അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് പൗലോസിന്റെ വിലയിരുത്തൽ. നിലവിൽ കോൺഗ്രസിന്റെ ഇരു സഭകളും റിപ്പബ്ലിക്കൻമാരുടെ നിയന്ത്രണത്തിലാണ്. എന്നാൽ പാർട്ടിക്ക് ലഭിച്ച നേരിയ ഭൂരിപക്ഷം പ്രതിനിധിസഭയിൽ മുൻപ് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. തീവ്ര യാഥാസ്ഥിതികരായ കോൺഗ്രസ് അംഗങ്ങളെ മാത്രം തൃപ്തിപ്പെടുത്തിയാൽ പോര. മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കഴിഞ്ഞ വർഷം പിന്തുണച്ചവരുടെ സഹായവും ആവശ്യമാണ്.
ഫണ്ടിങ് ബിൽ പാസാകാൻ സെനറ്റിൽ 60 വോട്ടുകൾ വേണം. ബില്ലിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ തങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ മാത്രമേ ഡെമോക്രാറ്റുകൾ പാർട്ടി അതിർവരമ്പുകൾ മറികടന്ന് ബില്ലിനെ പിന്തുണയ്ക്കുകയുള്ളൂ. ഈ വർഷമാദ്യം സെനറ്റിലെ ന്യൂനപക്ഷ നേതാവ് (ഡെമോക്രാറ്റ്) ചക് ഷൂമറും മറ്റ് ചില ഡെമോക്രാറ്റുകളും ഒരു താത്കാലിക ബിൽ (stopgap arrangement) വഴി സർക്കാരിന് താത്കാലിക ഫണ്ടിങ് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചില ഡെമോക്രാറ്റുകൾ, ഷൂമർ ആവശ്യമായ ഇളവുകൾ റിപ്പബ്ലിക്കൻമാരിൽ നിന്ന് നേടിയില്ലെന്ന് ആരോപിച്ച് അദ്ദേഹത്തോട് കോൺഗ്രസ് അംഗത്വം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകാതിരിക്കാൻ ഇത്തവണ ഡെമോക്രാറ്റുകൾ ശ്രദ്ധിക്കുന്നുണ്ട്. ഒരു ബദൽ പരിഹാരം സഭയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഷൂമർ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സാക് പാർക്കിൻസൺ പറയുന്നത് കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഡെമോക്രാറ്റുകൾക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്നും, അതിനാൽ അവരുടെ തീവ്ര ഇടതുപക്ഷക്കാരെ പ്രീണിപ്പിക്കാൻ സർക്കാർ സ്തംഭിപ്പിക്കാൻ ഒരുങ്ങുകയാണെന്നുമാണ്. ഷട്ട്ഡൗണിലൂടെ ഐസിഇയെ ഇല്ലാതാക്കാനും പ്രസിഡന്റിന്റെ അമേരിക്ക ഫസ്റ്റ് അജണ്ട (ഇത് വിമുക്ത ഭടൻമാരുടെ സൈനിക വേതനവും തടസ്സപ്പെടുത്തും) നിർത്തലാക്കാനും നിയമപാലനം മുടക്കാനും ബോർഡർ പെട്രോളിന്റെ വേതനം കുറയ്ക്കാനുമാണ് ശ്രമിക്കുന്നതെന്നും പാർക്കിൻസൺ ചൂണ്ടിക്കാട്ടി.