US trade court blocks Trump’s global tariffs
29, May, 2025
Updated on 30, May, 2025 53
അധികതീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി ഫെഡറല്‍ കോടതി. തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. മാന്‍ഹള്‍ട്ടന്‍ ആസ്ഥാനമാക്കിയുള്ള കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന അധികാര പരിധിക്കും അപ്പുറമാണ് അധിക ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനം എന്നാണ് മൂന്നംഗ ഫെഡറല്‍ കോടതി പറയുന്നത്. 1977 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്റ്റ് ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മറ്റ് രാജ്യങ്ങളുമായുള്ള വാണിജ്യം നിയന്ത്രിക്കുന്നതിന് അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും ഫെഡറല്‍ കോടതി വ്യക്തമാക്കി.
ചൈയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് കോടതി നടപടി. വിധി വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. ഒരു ദേശീയ അടിയന്തരാവസ്ഥ എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാരല്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കുഷ് ദേശായ് പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനും അമേരിക്കന്‍ മഹത്വം പുനഃസ്ഥാപിക്കുന്നതിനും എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു.