ലൂവ്രെയ്ക്ക് പിന്നാലെ ഫ്രാൻസിൽ വീണ്ടും മ്യൂസിയം കവർച്ച


24, October, 2025
Updated on 24, October, 2025 51


പാരീസ്: ലോകപ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ നടന്ന 10.2 കോടി ഡോളർ മൂല്യമുള്ള ആഭരണ കവർച്ചയുടെ ഞെട്ടലിൽ നിന്നു ഫ്രാൻസ് മുക്തമാകുന്നതിന് മുമ്പ് തന്നെ, മറ്റൊരു മ്യൂസിയത്തിൽ നിന്ന് വൻ മോഷണം റിപ്പോർട്ട് ചെയ്തു. ഡെനിസ് ഡിഡെറോട്ടിന്റെ ഹൗസ് ഓഫ് എൻലൈറ്റൻമെന്റ് മ്യൂസിയത്തിലാണ് പുതിയ കവർച്ച നടന്നത്. ഞായറാഴ്ച രാത്രിയിലാണ് സംഘം അതിക്രമിച്ച് കയറി ഏകദേശം 2,000 സ്വർണവും വെള്ളി നാണയങ്ങളും കവർന്നത്. 18 -ാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതികൾ, കത്തുകൾ, ചരിത്ര വസ്തുക്കൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിലാണ് കവർച്ച നടന്നത്.


കവർച്ച വളരെ കൃത്യമായി ആസൂത്രണം ചെയ്തതും സംഘത്തിന്റെ പ്രവർത്തനം അത്യന്തം പ്രൊഫഷണൽ സ്വഭാവമുള്ളതുമാണെന്നുമാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അധികാരികൾ വ്യക്തമാക്കുന്നത്.സെപ്റ്റംബർ മുതൽ ഫ്രാൻസിലെ വിവിധ മ്യൂസിയങ്ങളിൽ അന്യോന്യം സാമ്യമുള്ള രീതിയിൽ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ട്. ആഭരണങ്ങൾ, നാണയങ്ങൾ, ചരിത്ര മൂല്യമുള്ള വസ്തുക്കൾ തുടങ്ങിയവയെ ലക്ഷ്യമാക്കുന്ന ഈ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല.


അതേസമയം, ലോകത്തിലെ ഏറ്റവും ജനപ്രിയ മ്യൂസിയങ്ങളിലൊന്നായ ലുവർ മ്യൂസിയത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. ആദ്യം മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. പിന്നീട് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ് ദാത്തി മോഷണ വിവരം സ്ഥിരീകരിച്ചു. ‘അസാധാരണമായ കാരണങ്ങളാൽ’ ലുവർ മ്യൂസിയം അടച്ചിടുകയാണെന്നാണ്‌ മ്യൂസിയം അധികൃതർ ആദ്യം അറിയിച്ചത്‌. പിന്നീടാണ് മോഷണവിവരം സ്ഥിരീകരിച്ചത്. മ്യൂസിയം തുറന്നപ്പോൾ കവർച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നെപ്പോളിയന്റെയും ചക്രവർത്തിനിയുടെയും ആഭരണ ശേഖരത്തിൽ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്.പോളീസ് റിപ്പോർട്ടുകൾ പ്രകാരം, സെൻ നദിക്ക് സമീപം ഇപ്പോൾ നിർമ്മാണം നടക്കുന്ന ഭാഗത്തിലൂടെ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലേക്ക് മോഷ്ടാക്കൾ പ്രവേശിച്ചുവെന്ന് കണ്ടെത്തി. ചരക്കുകൾ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ച് ജനൽച്ചില്ലുകൾ തകർത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


ഇൻവെസ്റ്റിഗേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്. മോഷ്ടാക്കളെ കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണ്. ലുവറിൽ മോണ ലിസ, വീനസ് ഡി മൈലോ തുടങ്ങിയ അനേകം അമൂല്യ കലാസൃഷ്ടികൾ ഉള്ളതിനാൽ ഈ സംഭവത്തിന്റെ പ്രഭാവം വലിയതാണെന്ന് വിദഗ്ധർ പറയുന്നു.




Feedback and suggestions