കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിനെ സഹായിക്കാൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്


26, October, 2025
Updated on 26, October, 2025 37


ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിനെ സഹായിക്കാൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൽഐസി) നിന്ന് പണം സ്വരൂപിച്ച് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് സഹായം ചെയ്യുന്നു എന്നാണ് ആരോപണം. അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട ഈ റിപ്പോർട്ട് രാജ്യത്ത് ചൂടുള്ള ചർച്ചകൾക്ക് വഴി തുറന്നു.


അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളിൽ എൽഐസി നിക്ഷേപം നടത്താൻ വഴിയൊരുക്കുന്നു എന്നാണ് റിപ്പോർട്ടിലെ ആരോപണം. 390 കോടി ഡോളർ (ഏകദേശം മൂന്നര ലക്ഷം കോടി രൂപ) ഇത്തരത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നുവെന്നും, ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങൾ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. 2025 മേയ് മാസത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, എൽഐസി, നിതി ആയോഗ് എന്നിവർ അദാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിന് നിക്ഷേപം നടത്താൻ തീരുമാനമെടുത്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


അദാനി പോർട്ട്‌സിൽ 58.50 കോടി ഡോളറിന്റെ ബോണ്ട് എൽഐസി മാത്രം നൽകിയെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ബാധ്യത നികത്തേണ്ട സമയത്തായിരുന്നു എൽഐസിയുടെ ഈ നിക്ഷേപം. ഈ നടപടികൾ പൊതുഫണ്ടിന്റെ ദുരുപയോഗമാണെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.


റിപ്പോർട്ടിന് പിന്നാലെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. പൊതുമേഖലാ കമ്പനിയായ എൽഐസി അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റികളിൽ വൻ നിക്ഷേപം നടത്തിയെന്ന ആരോപണം പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് ശനിയാഴ്ച ആവശ്യപ്പെട്ടു. എൽഐസിയുടെ 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യം അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാൻ ‘ദുരുപയോഗം ചെയ്തു’ എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.


അതിനിടെ, ആരോപണങ്ങൾ നിഷേധിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) രംഗത്തെത്തി. റിപ്പോർട്ട് തീർത്തും വസ്തുതാവിരുദ്ധമാണെന്നാണ് എൽഐസിയുടെ നിലപാട്. റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടിരിക്കുന്നതുപോലുള്ള ഒരു പദ്ധതിയും എൽഐസി ഇതുവരെ തയ്യാറാക്കിയിട്ടില്ല. വിശദമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബോർഡ് അംഗീകരിച്ച നയങ്ങൾ അനുസരിച്ച് എൽഐസി സ്വതന്ത്രമായി നിക്ഷേപ തീരുമാനങ്ങൾ എടുക്കുകയുള്ളു എന്നും എൽഐസി പ്രസ്താവനയിൽ അറിയിച്ചു.




Feedback and suggestions