7, November, 2025
Updated on 7, November, 2025 40
വാഷിങ്ടൺ: ഇന്ത്യ സന്ദർശിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണ്. അദ്ദേഹവുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണയടക്കം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് മോദി വലിയ തോതിൽ നിർത്തി. അദ്ദേഹം എൻ്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെയാകാമെന്നായിരുന്നു ട്രംപിൻ്റെ മറുപടി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയും അമേരിക്കയും ഒരു ഇടക്കാല വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണ്. ഇതിലൂടെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2030 ഓടെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2025 ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടത്തിയെന്നാണ് വിവരം.
ഈ വർഷം ആദ്യം, ട്രംപ് ഇന്ത്യയ്ക്ക് മേൽ 50% തീരുവ ചുമത്തിയിരുന്നു. അതിൽ റഷ്യൻ എണ്ണ തുടർച്ചയായി വാങ്ങിയതിന് 25% പിഴയും ഉൾപ്പെട്ടിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ കൂടുതൽ ബുദ്ധിമുട്ടാക്കി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തലാക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചതായും വ്യാപാര ചർച്ചകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഇന്ത്യൻ സർക്കാരിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.
മാത്രമല്ല, ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായപ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന പരാമർശവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റിന്റെ ഈ പരാമർശം ട്രംപ്-മോദി ബന്ധത്തിന് വിള്ളൽ വീഴ്ത്തിയിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു ട്രംപിന്റെ അവസാനത്തെ ഇന്ത്യാ സന്ദർശനം.