അമേരിക്കയില്‍ ഷട്ട് ഡൗണ്‍ തുടര്‍ന്നാല്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കല്‍ 20 ശതമാനമായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് നൽകി


8, November, 2025
Updated on 8, November, 2025 32


വാഷിംഗടണ്‍: അമേരിക്കയില്‍ ഷട്ട് ഡൗണ്‍ തുടര്‍ന്നാല്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കല്‍ 20 ശതമാനമായി ഉയര്‍ത്തുമെന്ന മുന്നറിയിപ്പ് നല്കി ഏവിയേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പ്. നേരത്തെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും 10 ശതമാനം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ നടപടിയുടെ ആദ്യദിവസമായ ഇന്ന് 1000 ത്തോളം സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.


ആദ്യഘട്ടത്തില്‍ നാലുശതമാനം വിമാന സര്‍വീസുകളാണ് വെട്ടിക്കുറക്കുക. പിന്നീട് അത് ഈ മാസം 14 ഓടെ 10 ശതമാനത്തിലേക്കും അതേ തുടര്‍ന്ന് 20 ശതമാനം സര്‍വീസുകളും വെട്ടിക്കുറയ്ക്കുന്നതാണ് പരിഗണനയിലെന്നു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി സീന്‍ ഡഫി മുന്നറിയിപ്പ് നല്കി. ഷട്ട് ഡൗണിനെ തുടര്‍ന്ന് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥരായ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.


അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നീ പ്രധാന വിമാനക്കമ്പനികള്‍ 700 ഓളം വിമാനങ്ങള്‍ റദ്ദാക്കി. സിറിയം എന്ന ഏവിയേഷന്‍ ഡാറ്റാ സ്ഥാപനത്തിന്റെ കണക്കുകള്‍ പ്രകാരം, വെള്ളിയാഴ്ച റദ്ദാക്കിയ വിമാനങ്ങളില്‍ ഭൂരിഭാഗവും ഹ്രസ്വദൂര സര്‍വീസുകളാണ്. ആകെ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം ഏകദേശം 748 ആണ്. ഇത് വെള്ളിയാഴ്ച്ച ഷെഡ്യൂള്‍ ചെയ്ത 25,000 വിമാനങ്ങളുടെ മൂന്നു ശതമാനത്തോളം വരും




Feedback and suggestions