12, November, 2025
Updated on 12, November, 2025 45
പട്ന: ബിഹാറിൽ ബി.ജെ.പി–ജെ.ഡി.യു നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് അധികാരത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ദൈനിക് ഭാസ്കർ, മാട്രിസ്, പീപ്ൾസ് ഇൻസൈറ്റ്, പീപ്ൾസ് പൾസ് എന്നീ നാലു എക്സിറ്റ് പോൾ ഫലങ്ങളാണ് സംസ്ഥാനത്ത് എൻ.ഡി.എക്ക് അധികാരത്തുടർച്ച പ്രവചിച്ചത്. അതേസമയം, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ കാര്യമായ പ്രതിഫലനമുണ്ടാക്കാൻ സാധിക്കില്ലെന്നും വിലയിരുത്തലുകളുണ്ട്.എൻ.ഡി.എക്ക് 145-160 സീറ്റുകൾ ലഭിക്കുമെന്നാണ് ദൈനിക് ഭാസ്കറിന്റെ പ്രവചനം. മഹാസഖ്യത്തിന് 73-91 സീറ്റുകൾ വരെ ലഭിക്കാമെന്നും അവർ വിലിരുത്തുന്നു. ജൻസൂരജിന് 0-3 ഉം മറ്റ് പാർട്ടികൾക്ക് 5-10 വരെ സീറ്റുകൾ ലഭിച്ചേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. എൻ.ഡി.എക്ക് 147-167 സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് മാട്രിസിന്റെ സർവേ ഫലം. മഹാസഖ്യത്തിന് 70-90 സീറ്റുകൾ ലഭിക്കുമെന്നും അവർ പ്രവചിക്കുന്നു. ജൻ സുരാജ് പാർട്ടി 0-2ഉം മറ്റ് പാർട്ടികൾക്ക് 2-8 ഉം സീറ്റുകൾ കിട്ടുമെന്നാണ് കരുതുന്നത്.പീപ്ൾസ് ഇൻസൈറ്റിന്റെ കണക്കനുസരിച്ച് എൻ.ഡി.എക്ക് 133-148 വരെ സീറ്റുകൾ ലഭിക്കും. മഹാസഖ്യത്തിന് 87-102ഉം. ജൻസുരാജിന് 0-2, മറ്റുള്ളവർ 3-6 എന്നിങ്ങനെയാണ് കണക്ക്.എൻ.ഡി.എക്ക് 133-159 സീറ്റുകളും മഹാസഖ്യത്തിന് 75-101 സീറ്റുകളും ജൻസുരാജിന് 0-5ഉം മറ്റുള്ളവർക്ക് 2-8ഉം സീറ്റുകളാണ് പീപ്ൾസ് പൾസ് പ്രവചിക്കുന്നത്. 243 അംഗ നിയമസഭയിൽ 122സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാൻ വേണ്ടത്. ഒറ്റക്കു തന്നെ എൻ.ഡി.എക്ക് കേവല ഭൂരിപക്ഷം തികക്കാൻ കഴിയുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. മഹാസഖ്യത്തിന് 100 സീറ്റുകൾ പോലും ഒറ്റ സർവേയും പ്രവചിക്കുന്നില്ല. സംസ്ഥാനത്ത് നവംബർ ആറ്, 11 തീയതികളിലായ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂർത്തീകരിച്ചത്. അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോളുകൾ പുറത്തുവന്നത്. നവംബർ 14ന് ഫലമറിയാം. കനത്ത പോളിങ്ങാണ് രണ്ടുഘട്ടത്തിലും രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ വൈകീട്ട് അഞ്ച് മണിവരെ 67.14ശതമാനമാണ് പോളിങ്. രണ്ടാം ഘട്ടത്തിൽ 45,399 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.