രാജ്യത്ത് പെട്രോൾ-ഡീസൽ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കണം; ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി സുപ്രീം കോടതി


13, November, 2025
Updated on 13, November, 2025 29


ഡൽഹി: രാജ്യത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന പരാമർശം.


ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വലിയ ഇലക്ട്രിക് വാഹനങ്ങൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാവുകയാണെങ്കിൽ ആവശ്യമായ ചാർജിങ് സ്റ്റേഷനുകൾ താനേ സ്ഥാപിക്കപ്പെടുമെന്നും, മറ്റ് വാഹനങ്ങൾക്ക് ക്രമേണ നിരോധനം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.


ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നയങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. ഇലക്ട്രിക് വാഹനങ്ങൾക്ക് തുടക്കത്തിൽ ഉയർന്ന വിലയായിരുന്നുവെങ്കിലും, പിന്നീട് അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിരുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു.




Feedback and suggestions