14, November, 2025
Updated on 14, November, 2025 42
പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ അഞ്ചാം തവണയും അധികാരത്തിൽ എത്തുമോ? അതോ തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള മഹാസഖ്യം എൻഡിഎയുടെ മുന്നേറ്റം തടഞ്ഞ് എക്സിറ്റ് പോൾ പ്രവചനങ്ങളെ അട്ടിമറിക്കുമോ? എന്ന ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരം ലഭിക്കും.
രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. പോസ്റ്റൽ ബാലറ്റിന് ശേഷം 8:30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിഹാറിൽ 67.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. 130 മുതൽ 167 വരെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം താൽപര്യപ്പെടുന്നുവെന്നും സർവേകൾ പറയുന്നു.പുറത്തുവന്ന 11 എക്സിറ്റ് പോൾ സർവേകളിൽ, പത്തെണ്ണവും എൻഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ഒരൊറ്റ സർവേ മാത്രമാണ് ജെ.ഡി.യു. നയിക്കുന്ന എൻഡിഎ സഖ്യവും മഹാസഖ്യവും തമ്മിൽ കടുത്ത മത്സരം നടക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നാണ് പ്രവചനം.ജെ.ഡി.യു. ഉൾപ്പെടെ അഞ്ച് പാർട്ടികളാണ് ബിഹാറിലെ എൻഡിഎയിൽ ഉൾപ്പെടുന്നത്. ആർജെഡി, കോൺഗ്രസ്, സിപിഐ (എംഎൽ) ലിബറേഷൻ, മറ്റ് ഇടതുപക്ഷ പാർട്ടികൾ, വികാസീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നിവയാണ് മഹാസഖ്യത്തിലുള്ളത്
.