ഇമ്രാൻ ഖാനെ കാണാൻ ജയിൽ അധികൃതർ അനുമതി


27, November, 2025
Updated on 27, November, 2025 31


ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ ജയിൽ അധികൃതർ അനുമതി നൽകിയതായി സഹോദരി. ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. സഹോദരനെ കാണാൻ അനുമതി ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് സഹോദരി പറഞ്ഞു.


ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ വലിയ അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് ഇമ്രാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ ‘ഇമ്രാൻ ഖാൻ’ എവിടെയെന്ന ചോദ്യവുമായി രംഗത്തത്തെത്തിയതിന് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. ‘ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല’ എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കി. ഇതിന് പിന്നാലെയാണ് ‘ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന’ അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്. അഭ്യൂഹങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു.




Feedback and suggestions