29, November, 2025
Updated on 29, November, 2025 34
ന്യൂഡൽഹി : വിമാന സർവീസുകൾ വൈകിയേക്കാമെന്ന മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോ എയർലൈൻസും. സാങ്കേതിക പ്രശ്നങ്ങളെപ്പറ്റി എയർബസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇൻഡിഗോയും എയർ ഇന്ത്യയും ഇക്കാര്യം അറിയിച്ചത്. എ320 ഫാമിലി എയർക്രാഫ്റ്റിലെ കൺട്രോൾ സിസ്റ്റത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. ഇത് രാജ്യത്തെ 250ഓളം വിമാനങ്ങളെ ബാധിച്ചേക്കുമെന്നാണ് വിവരം.560 എ320 ഫാമിലി എയർക്രാഫ്റ്റുകളാണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്. ഇതിൽ പകുതിയോളം വിമാനങ്ങളെ സാങ്കേതികപ്രശ്നം ബാധിക്കും. അടുത്തിടെ എ320 വിമാനത്തിനുണ്ടായ പ്രശ്നത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ മുൻകരുതൽ. എലവേറ്റർ ഐലെറോൺ കമ്പ്യൂട്ടറിലെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഒരു വിമാനം അടിയന്തിരമായി നിലത്തിറക്കിയിരുന്നു. പിന്നാലെ, അടുത്ത സർവീസിന് മുൻപ് എല്ലാ വിമാനങ്ങളിലും ഈ പ്രശ്നം പരിഹരിക്കണമെന്ന് യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നിർദ്ദേശം നൽകി. ഇതാണ് ഇപ്പോൾ നടക്കുന്നത്.
എയർബസ് ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. എയർബസ് പറഞ്ഞതനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ആവശ്യമായ പരിശോധനകൾ നടത്തി പരമാവധി സർവീസുകൾ നടത്തുമെന്നും വാർത്താകുറിപ്പിൽ ഇൻഡിഗോ അറിയിച്ചു. എയർബസ് 320ൽ അടിയന്തിരമായി വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. തങ്ങളുടെ കൂടുതൽ വിമാനങ്ങളെ ഇത് ബാധിച്ചിട്ടില്ല. എങ്കിലും ബാധിച്ച വിമാനങ്ങളിൽ ഉടൻ തന്നെ പ്രശ്നം പരിഹരിക്കും. ഇത് മൂലം സർവീസുകൾ വൈകാനും മുടങ്ങാനും സാധ്യതയുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.