4, December, 2025
Updated on 4, December, 2025 29
ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിന്‍ എത്തുന്നത്. 23 -ാമത് ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് പുടിന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.
രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിന്‍ ചര്‍ച്ച നടത്തും. പുടിന്റെ സന്ദര്‍ശന വേളയില്‍ ആയുധ കരാറുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സുഖോയ് 57, എസ് 400 എന്നിവയുടെ കാര്യത്തില്‍ പുടിന്‍ - മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കാനാണ് സാധ്യത. എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന. ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെയ്ക്കുന്നതിനൊപ്പം ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവനയുമുണ്ടാകും.പ്രാദേശിക - ആഗോള വിഷയങ്ങളിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം തീരുവ കയറ്റുമതി മേഖലയ്ക്ക് ആഘാതമായ സാഹചര്യത്തില്‍ റഷ്യയുമായി വ്യാപാരബന്ധം വിപുലപ്പെടുത്താനാകും ഇന്ത്യയുടെ ശ്രമം. യുഎസ് ഭീഷണിയെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിചുരുക്കിയിരുന്നു. റഷ്യയിലേക്ക് കൂടുതല്‍ യന്ത്രഭാഗങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താല്‍പ്പര്യപ്പെടുന്നത്. ഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ധാരണപത്രത്തിന് റഷ്യന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.