രണ്ടരലക്ഷം കൊടുത്താല്‍ നാട്ടിലെത്താം; മലയാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി അവധിക്കാലം


9, December, 2025
Updated on 9, December, 2025 24




അബുദബി: ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാല അവധി ആരംഭിച്ചിരിക്കുന്നു. സ്‌കൂളുകള്‍ അടച്ചതോടെ നാട്ടിലേക്ക് എത്രയും പെട്ടെന്ന് എത്താനുള്ള തിടുക്കത്തിലാണ് പ്രവാസികള്‍. എന്നാല്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയുണ്ടായ പ്രതിസന്ധികള്‍ പ്രവാസികള്‍ക്ക് സമ്മാനച്ചിരിക്കുന്നത് ഇരുട്ടടിയാണ്. രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവാണ് ഇതോടെ സംഭവിച്ചത്.



25 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ള വര്‍ധനവാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ സംഭവിച്ചത്. നഗരങ്ങള്‍ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ട്. തിരക്കേറിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വര്‍ധനവും മറ്റിടങ്ങളിലേക്ക് ഉള്ളതില്‍ 15 മുതല്‍ 25 ശതമാനം വരെയും നിരക്ക് വര്‍ധനവാണ് ഉണ്ടായത്.


ജനുവരി നാലിനാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. നിലവില്‍ കേരളത്തിലെത്തി സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് യുഎഇയില്‍ തിരിച്ചെത്തണമെങ്കില്‍ ഒരു നാലംഗ കുടുംബത്തിന് ഏകദേശം രണ്ടര ലക്ഷം രൂപയോളം ചെലവുണ്ട്. ഒരാള്‍ക്ക് ദുബായില്‍ നിന്ന് നാട്ടിലെത്താന്‍ വേണം ഇപ്പോള്‍ 2500 ദിര്‍ഹം അതായത് 61,229 രൂപ. അപ്പോള്‍ നാലംഗ കുടുംബത്തിന് 10000 ദിര്‍ഹവും വേണ്ടിവരുന്നു.



കേരളം, ഡല്‍ഹി തുടങ്ങിയ സെക്ടറുകളിലേക്കുള്ള നിരക്കാണ് കൂടുതല്‍ ഉയര്‍ന്നത്. ദുബായ്, അബുദബി, ഷാര്‍ദ, റാസല്‍ഖൈമ സെക്ടറുകളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ സെക്ടറുകളിലേക്കുള്ള നിരക്കില്‍ സംഭവിച്ചത് 30 ശതമാനത്തിന്റെ വര്‍ധനവ്. എന്നാല്‍ ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് 28 ശതമാനം, ദുബായില്‍ ഹൈദരാബാദിലേക്ക് 26 ശതമാനം, ദുബായില്‍ മുംബൈയിലേക്ക് 22 ശതമാനം എന്നിങ്ങനെ മാത്രമേ വര്‍ധിച്ചിട്ടുള്ളൂ




Feedback and suggestions