സ്വതന്ത്രനെ മേയറാക്കി തിരുവനന്തപുരത്ത് എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? അപകടം മുന്നിൽക്കണ്ട് ബിജെപി


15, December, 2025
Updated on 15, December, 2025 4




തിരുവനന്തപുരം : കോർപറേഷൻ കൗൺസിലിന്റെ സുഗമമായ നടത്തിപ്പിന് കേവല ഭൂരിപക്ഷം തികയ്ക്കാൻ ലക്ഷ്യമിട്ട്, സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചവർക്കു പിന്നാലെ ബിജെപി. സ്വതന്ത്രരിൽ ഒരാളെ മേയർ സ്ഥാനാർഥിയായി അവതരിപ്പിച്ച ശേഷം എൽഡിഎഫും യുഡിഎഫും പുറത്തു നിന്നു പിന്തുണയ്ക്കാനുള്ള സാധ്യത ബിജെപി കാണുന്നുണ്ട്. ഇനി വോട്ടെടുപ്പ് നടത്താനുള്ള വിഴിഞ്ഞം ബിജെപിക്കു പ്രതീക്ഷയുള്ള വാർഡ് അല്ല.


2 സ്വതന്ത്രരിൽ ഒരാളെയെങ്കിലും ഒപ്പം കൂട്ടാനാണു ബിജെപിയുടെ ശ്രമം. ഒരാളുമായി പ്രാദേശിക നേതൃത്വം അനൗദ്യോഗിക ചർച്ച നടത്തി. അതേസമയം, പാർട്ടി വിമതനായാണു മത്സരിച്ചതെങ്കിലും പൗണ്ട് കടവ് വാർഡിൽ വിജയിച്ച എസ്.സുധീഷ് കുമാറിനെ ഒപ്പം കൂട്ടാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. കണ്ണമ്മൂല വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണനാണ് രണ്ടാമൻ.


തിരഞ്ഞെടുപ്പ് നടത്തിയ 100 ൽ 50 വാർഡ് ബിജെപി നേടി. എൽഡിഎഫ് 29, യുഡിഎഫ് 19 വീതം സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ബിജെപിക്ക് കോർപറേഷൻ ഭരിക്കാം. കേവല ഭൂരിപക്ഷം തികയാത്തത് ഭാവിയിൽ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് അംഗ സംഖ്യ 51 ആക്കാൻ സ്വതന്ത്രരുടെ പിന്തുണയ്ക്കു ശ്രമിക്കുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എൽ‍ഡിഎഫും യുഡിഎഫും ഒരുമിക്കാൻ സാധ്യതയില്ലെങ്കിലും സ്വതന്ത്ര സ്ഥാനാർഥികൾ ഇരു മുന്നണികൾക്കും പിന്തുണ നൽകിയാൽ തിരിച്ചടിച്ചേക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാളെ മേയർ സ്ഥാനത്തു നിർത്തി പുറത്തു നിന്ന് പിന്തുണ നൽകിയാൽ എൽഡിഎഫ്– യുഡിഎഫ് കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായി ഉന്നയിക്കാനും കഴിയില്ല.


പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനും കരമന അജിത്തിനുമാണ് മേയർ സ്ഥാനത്തേക്ക് മുൻഗണന. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും അഭിപ്രായം തേടിയ ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ. മുൻ‍ ഡിജിപി ആർ.ശ്രീലേഖയും പരിഗണനയിലുണ്ടെങ്കിലും ഡപ്യൂട്ടി മേയർ സ്ഥാനം വനിതാ സംവരണമായതിനാൽ രണ്ട് സുപ്രധാന തസ്തികകളിലേക്കും വനിതകൾക്ക് അവസരം കൊടുക്കുമോയെന്നതും കേന്ദ്ര തീരുമാനത്തെ ആശ്രയിച്ചിരിക്കും. മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും അറിയിച്ചു.




Feedback and suggestions