അപകടത്തിൽപ്പെട്ടവരെ സഹായിക്കാം, 25,000 രൂപ സമ്മാനം നേടാം; ഡൽഹിയിൽ പുതിയ പദ്ധതി


26, February, 2026
Updated on 26, February, 2026 21


വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. കേന്ദ്രസർക്കാരിന്റെ ‘ഗുഡ് സമ്മരിറ്റൻ’ പദ്ധതിയുടെ ഭാഗമായി ‘രാഹ് വീർ’ എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അപകടം നടക്കുമ്പോൾ നിയമക്കുരുക്കുകൾ ഭയന്ന് പരിക്കേറ്റവരെ സഹായിക്കാൻ ആളുകൾ മടിക്കുന്നത് ഒഴിവാക്കാനും കൂടുതൽ പേരെ രക്ഷാപ്രവർത്തനത്തിലേക്ക് ആകർഷിക്കാനുമാണ് ഈ വമ്പിച്ച തുക പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.


സഹായം നൽകുന്നവരുടെ വിവരങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ, ചീഫ് മെഡിക്കൽ ഓഫീസർ, ആർ.ടി.ഒ എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാർശ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് സമ്മാനത്തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി കൈമാറും. സുതാര്യത ഉറപ്പുവരുത്താൻ കർശനമായ പരിശോധനകൾക്ക് ശേഷമായിരിക്കും പണം നൽകുക. അപകടത്തിന്റെ ആദ്യ മണിക്കൂറുകളിൽ വൈദ്യസഹായം ഉറപ്പാക്കി മരണനിരക്ക് കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.




Feedback and suggestions